കൊച്ചി: യാത്രക്കാര്‍ക്ക് മികച്ച സേവനം ലക്ഷ്യമാക്കി റെയില്‍വേ സ്റ്റേഷനുകളില്‍ അത്യാധുനിക വിശ്രമ മുറികള്‍ ആരംഭിക്കുന്നു. ഐആര്‍സിടിസിയാണ് പദ്ധതി നടപ്പാകുന്നത്.
ആദ്യഘട്ടത്തില്‍ തിരുവനന്തപുരം സെന്‍ട്രല്‍, എറണാകുളം നോര്‍ത്ത് സ്റ്റേഷനുകളിലാണ് വിശ്രമമുറികള്‍ ആരംഭിക്കുന്നത്. അടുത്ത മാര്‍ച്ച് അവസാനത്തോടെ പദ്ധതി പൂര്‍ത്തിയാക്കാനാണ് ഐആര്‍സിടിസി ലക്ഷ്യമിടുന്നത്.
മണ്ഡലകാലം കണക്കിലെടുത്ത് കോട്ടയം, ചെങ്ങന്നൂര്‍, കൊല്ലം, തിരുവനന്തപുരം സ്റ്റേഷനുകളില്‍ വാട്ടര്‍ വെന്‍ഡിങ് മെഷീനുകളും സ്ഥാപിക്കും.
തിരുവനന്തപുരത്ത് പഴയ ടിക്കറ്റ് ബുക്കിങ് കൗണ്ടറിലും എറണാകുളത്ത് ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിന്റെ വടക്കേയറ്റത്തുമായാണ് അത്യാധുനിക വിശ്രമ മുറികള്‍ തയ്യാറാക്കുന്നത്.
സ്റ്റേഷനിലെത്തിയ ശേഷം ചുരുങ്ങിയ സമയത്തേക്ക് താമസിക്കാനായി ഹോട്ടലുകളെ ആശ്രയിക്കുന്ന യാത്രക്കാര്‍ക്ക് പുതിയ പദ്ധതി പ്രയോജനകരമാകും. വിശ്രമത്തിന് പുറമേ ടിവി, ഇന്റര്‍നെറ്റ്, ഭക്ഷണം, ശുചിമുറി, തുണി നനയ്‌ക്കാനുള്ള സൗകര്യം തുടങ്ങിയവയുണ്ടാകും.
ഐആര്‍സിടിസിയുടെ വെബ്‌സെറ്റ് വഴി മുറികള്‍ റിസര്‍വ് ചെയ്യാം. ഡ്രൈവിങ് ലൈസന്‍സ്, ആധാര്‍ തുടങ്ങി സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള തിരിച്ചറിയല്‍ രേഖയുടെ കോപ്പി നല്‍കണം. നിലവില്‍ ന്യൂദല്‍ഹി സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന അത്യാധുനിക മുറികള്‍ക്ക് രണ്ട് മണിക്കൂറിന് 150 രൂപയാണ് നിരക്ക്.
കേരളത്തില്‍ ഇതിലും കുറഞ്ഞ നിരക്കില്‍ മുറികള്‍ ലഭിക്കുമെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. ചെലവഴിക്കുന്ന സമയത്തിനനുസരിച്ച് നിരക്കില്‍ മാറ്റമുണ്ടാകും.
എറണാകുളം സൗത്തിന്റെ വികസനം വിമാനത്താവള മാതൃകയില്‍
കൊച്ചി: എറണാകുളം സൗത്ത് (ജങ്ഷന്‍) റെയില്‍വേ സ്റ്റേഷന്‍ വിമാനത്താവള മാതൃകയില്‍ വികസിപ്പിക്കാനുള്ള കേന്ദ്ര പദ്ധതി തയ്യാറാകുന്നു. നഗരവികസന മന്ത്രാലയത്തിനു കീഴിലുള്ള നാഷനല്‍ ബില്‍ഡിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനുമായി (എന്‍ബിസിസി) ഒപ്പിട്ട കരാറിന്റെ തുടര്‍ച്ചയായാണ് നടപടി. എറണാകുളത്തിനൊപ്പം കേരളത്തിന് പുറത്തുള്ള മറ്റ് ഒന്‍പത് സ്റ്റേഷനുകളെ കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അടുത്ത വര്‍ഷമാദ്യം ആരംഭിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ 2021 പകുതിയോടെ പൂര്‍ത്തിയാക്കും.
5000 കോടി രൂപ മുതല്‍ മുടക്കിലാണ് സ്റ്റേഷനുകള്‍ വികസിപ്പിക്കുന്നത്. ആധുനിക പ്ലാറ്റ്‌ഫോമുകള്‍, ടിക്കറ്റ് കൗണ്ടറുകള്‍, വിമാനത്താവളത്തിലെ പോലെ പുറത്തേക്ക് ഇറങ്ങാനും അകത്തേക്കു കയറാനും പ്രത്യേക വഴികള്‍, അനുബന്ധ സൗകര്യങ്ങള്‍ എന്നിവയാണു ഒരുക്കുന്നത്. സ്റ്റേഷന്‍ പരിസരങ്ങളില്‍ ഉപയോഗശൂന്യമായി കിടക്കുന്ന ഭൂമി വാണിജ്യാവശങ്ങള്‍ക്ക് ഉപയോഗപ്പെടുത്തിയും പദ്ധതിക്കായി പണം കണ്ടെത്തും. ഇവിടങ്ങളില്‍ ഹോട്ടലുകള്‍, മള്‍ട്ടിപ്ലക്‌സുകള്‍, ഫ്‌ളാറ്റുകള്‍, ഷോപ്പിങ് മാളുകള്‍ എന്നിവ സ്ഥാപിക്കും.
















