ന്യൂദല്‍ഹി: കേരളത്തിലെ ജില്ലാ ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട പരാതികള്‍ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് പരിഗണിക്കും. ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, ആര്‍. ഭാനുമതി എന്നിവരുടെ ബെഞ്ചാണ് ഹര്‍ജികളില്‍ പ്രാഥമിക വാദം കേട്ട ശേഷം ഭരണഘടനാ ബെഞ്ചിന് വിട്ടത്. മണിപ്പൂരിലെ സമാനമായ കേസ് രണ്ടുവര്‍ഷം മുമ്പ് ഭരണഘടനാ ബെഞ്ചിന് വിട്ടിരുന്നു. എല്ലാ കേസുകളും ഒരുമിച്ച് ഭരണഘടനാ ബെഞ്ച് ഉടന്‍ തന്നെ പരിഗണിക്കും.
ജില്ലാ ജഡ്ജി നിയമനത്തെക്കുറിച്ച് വ്യാപക പരാതിയാണ് ഉയര്‍ന്നത്. സുപ്രീംകോടതി വിധിയും സംവരണ തത്തങ്ങളും അവഗണിച്ചുള്ള ലിസ്റ്റാണ് തയ്യാറാക്കിയത്. എഴുത്തുപരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ ആദ്യ ആറു പേരില്‍ അഞ്ചു പേരും ലിസ്റ്റില്‍നിന്ന് പുറത്തായി. കുറവ് മാര്‍ക്ക് വാങ്ങിയ നാലുപേരെ തെരഞ്ഞെടുക്കുകയും ചെയ്തു. പട്ടികജാതി/ വര്‍ഗ്ഗം, മുസ്ലീം, ലത്തീന്‍ കത്തോലിക്ക വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്ത സീറ്റിലേക്ക് ആരേയും തെരഞ്ഞെടുത്തില്ല. മൂന്ന് ഈഴവര്‍ക്ക് അവസരമുണ്ടെന്നിരിക്കെ എടുത്തത് ഒരാളെമാത്രം. 22 പേരുടെ ഒഴിവുണ്ടായിരുന്നിട്ട് 10 പേരുടെ പട്ടിക മാത്രമാണ് പ്രസിദ്ധീകരിച്ചത്. ഇതില്‍ രണ്ടു പേര്‍മാത്രമാണ് സംവരണ വിഭാഗത്തില്‍നിന്നുള്ളത്.
അഭിഭാഷകരില്‍നിന്ന് ജില്ലാജഡ്ജിമാരെ നേരിട്ട് നിയമിക്കാനുള്ള അപേക്ഷ ഹൈക്കോടതി ക്ഷണിച്ചത് 2015ലാണ്. 300 മാര്‍ക്കിന്റെ എഴുത്തുപരീക്ഷയും 50 മാര്‍ക്കിന്റെ വൈവയുമാണ് പറഞ്ഞിരുന്നത്. എഴുത്തുപരീക്ഷയില്‍ 150 മാര്‍ക്ക് കിട്ടുന്നവര്‍ക്കായിരുന്നു വൈവയ്‌ക്ക് അര്‍ഹത. എഴുത്തുപരീക്ഷ മാര്‍ക്കും വൈവയുടെ മാര്‍ക്കും കൂട്ടി കിട്ടുന്ന മാര്‍ക്ക് അടിസ്ഥാനമാക്കിയാണ് റാങ്ക് ലിസ്റ്റ്. 34 പേരാണ് 150 മാര്‍ക്കിലധികം നേടിയത്. 149 മാര്‍ക്ക് കിട്ടിയ നാലുപേരെക്കൂടി ഉള്‍പ്പെടുത്തി പട്ടിക തയ്യാറാക്കിയായിരുന്നു വൈവ നടത്തിയത്. 149 മാര്‍ക്കുകാരായ രണ്ടു പേര്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ 175 ല്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങിയ 5 പേര്‍ പുറത്തായി.
ഒറ്റനോട്ടത്തില്‍ത്തന്നെ ക്രമക്കേട് ബോധ്യമാണെങ്കിലും തെരഞ്ഞെടുത്തതിന്റെ മാനദണ്ഡം വിശദമാക്കാന്‍ ഹൈക്കോടതി തയ്യാറായില്ല. തുടര്‍ന്ന് പരാതി നല്‍കുകയായിരുന്നു. ബാര്‍ അസോസിയേഷനുകളും പരാതിയുമായി രംഗത്തുവന്നു. കേരള ഹൈക്കോടതി നടത്തിയ ജില്ലാ ജഡ്ജി നിയമനം മുന്‍പും വിവാദത്തിലായിട്ടുണ്ട്. 2011 ല്‍നടത്തിയ പരീക്ഷയില്‍ 10 മാര്‍ക്ക് മോഡറേഷന്‍ നല്‍കി. മിനിമം മാര്‍ക്ക് കിട്ടാത്ത ചിലരെ ഉള്‍പ്പെടുത്താനായിരുന്നു ഇത്. നിയമനം നടത്തിയെങ്കിലും കോടതി അത് റദ്ദാക്കി. തുടര്‍ന്ന് ഒന്‍പതു മാസം ജഡ്ജിമാരായിരുന്ന നാലുപേര്‍ക്ക് പുറത്താകേണ്ട നാണംകെട്ട സാഹചര്യം ഉണ്ടായി.
















