കണ്ണപുരം: യുവതിയെ വിവാഹം കഴിച്ച് ഉപേക്ഷിച്ച് മറ്റൊരു വിവാഹത്തിന് ശ്രമം നടത്തിവരികയായിരുന്ന യുവാവിന്റെ കാല്‍വെട്ടാന്‍ ക്വട്ടേഷന്‍ നല്‍കിയ യുവതിയുടെ സഹോദരനും ക്വട്ടേഷന്‍ സംഘത്തില്‍പെട്ടവരും പിടിയിലായി. കേസിലെ മറ്റൊരു പ്രതി വേറൊരു കേസില്‍ ഇപ്പോള്‍ ജയിലിലാണ്. ഇയാളുടെ അറസ്റ്റ് പിന്നീട് രേഖപ്പെടുത്തും.
കണ്ണാടിപ്പറമ്പ് പുല്ലൂപ്പിക്കടവിലെ പി.സി.ഷഹബാസ് (37), മാതോടത്തെ താവോട്ടില്‍ മുണ്ടയാട് നൗഫല്‍ (25), പുതിയതെരു ആശാരിക്കമ്പനിക്കടുത്ത് നായക്കന്‍ നടുക്കണ്ടി മുബാറക്ക് (24), കണ്ണാടിപ്പറമ്പ് പാറപ്പുറം മാവുങ്കാല്‍ മുണ്ടയാട് ഹബീബ് (38) എന്നിവരാണ് പിടിയിയിലായത്. കണ്ണാടിപ്പറമ്പിലെ സുജിത്താണ് ജയിലിലുള്ളത്.
ഹബീബാണ് ക്വട്ടേഷന്‍ നല്‍കിയത്. കമ്പില്‍ക്കടവിലെ ഫൈസലിനെ (30) വെട്ടാനാണ് ക്വട്ടേഷന്‍ നല്‍കിയത്. ഹബീബിന്റെ സഹോദരിയെ നേരത്തെ ഫൈസല്‍ വിവാഹം കഴിച്ചിരുന്നു. പിന്നീട് ഉപേക്ഷിക്കുകയും മാട്ടൂലിലെ യുവതിയെ വിവാഹം കഴിക്കാന്‍ ശ്രമം നടത്തുകയും ചെയ്തിരുന്നു. ഇതറിഞ്ഞ ഹബീബ് വിവാഹത്തില്‍ നിന്ന് ഫൈസലിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഫൈസല്‍ വഴങ്ങാത്തതിനെ തുടര്‍ന്ന് എഴുന്നേറ്റുനടക്കാന്‍ പറ്റാത്തവിധത്തില്‍ ഫൈസലിന്റെ കാല്‍ വെട്ടാനായിരുന്നു ക്വട്ടേഷന്‍.
ഒരുലക്ഷം രൂപയ്‌ക്കായിരുന്നു ക്വട്ടേഷന്‍. ഒക്‌ടോബര്‍ 3ന് രാത്രി 9 മണിക്ക് ഇരിണാവിലെ വിജനമായ പ്രദേശത്ത് ഫൈസലിനെ വിളിച്ചുവരുത്തി അക്രമിക്കുകയായിരുന്നു. കാല്‍ വെട്ടുന്നതിന് പകരം ഇടതുകൈ ഇരുമ്പ് ദണ്ഡ് കൊണ്ട് അടിച്ചുപൊട്ടിക്കുകയായിരുന്നു. എന്നാല്‍ ക്വട്ടേഷന് വിരുദ്ധമായി കൈ അടിച്ചുപൊട്ടിച്ചതിനാല്‍ ഒരു ലക്ഷം രൂപക്ക് പകരം അറുപതിനായിരം രൂപമാത്രമാണ് ഹബീബ് നല്‍കിയത്. പിടിയിലായവര്‍ ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്.
ദൃക്‌സാക്ഷികള്‍ ഇല്ലാതായിരുന്ന കേസില്‍ ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പ്രതികളെ കണ്ടെത്തിയത്. കര്‍ണ്ണാടകയില്‍നിന്നും എടുത്ത സിം കാര്‍ഡാണ് പ്രതികള്‍ ഉപയോഗിച്ചിരുന്നത്. ബഡപ്പ ഗൗഡ എന്നയാളുടെ പേരിലുള്ള സിംകാര്‍ഡായിരുന്നു ഇത്. ഇത് കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് കേസിന് തുമ്പുണ്ടായത്. ഫൈസലിനെ അക്രമിക്കാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ പോലീസ് കണ്ടെടുത്തു.
















