തൃശൂര്‍: ഗുരുവായൂര്‍ നെന്മിനിയില്‍ ബിജെപി പ്രവര്‍ത്തകന്‍ ആനന്ദന്‍ വെട്ടേറ്റുമരിച്ച സംഭവത്തില്‍ പ്രതികളെക്കുറിച്ച് പോലീസിന് വ്യക്തമായ വിവരം ലഭിച്ചതായി സൂചന. അതേ സമയം യഥാര്‍ത്ഥ പ്രതികളെ ഒഴിവാക്കി മറ്റുചിലരെ പോലീസിന് മുന്നില്‍ ഹാജരാക്കാനുള്ള നീക്കം സിപിഎം നേതൃത്വം നടത്തുന്നുണ്ട്.
2013ല്‍ പ്രദേശത്ത് കൊല്ലപ്പെട്ട ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഫാസിലിന്റെ സഹോദരന്‍ ഫായിസിന്റെ കാറിലാണ് കൊലയാളികള്‍ എത്തിയതെന്ന് തിരിച്ചറിഞ്ഞു.
സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഫേസ്ബുക്കിലും വാട്‌സാപ്പിലും കൊലയെ ന്യായീകരിച്ച് നിരവധി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു. ഇസ്ലാമിക തീവ്രവാദ സ്വഭാവമുള്ള ചില ഗ്രൂപ്പുകളിലാണ് ഈ പോസ്റ്റുകള്‍ ആദ്യം പ്രത്യക്ഷപ്പെട്ടത്.
കൊലക്ക് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പരിശീലനം സിദ്ധിച്ച കൊലയാളികളുണ്ടെന്നാണ് കരുതുന്നത്. പ്രദേശത്ത് പകല്‍ സമയം സിപിഎമ്മും രാത്രി പോപ്പുലര്‍ ഫ്രണ്ടുമായി മാറുന്ന ഒട്ടേറെ യുവാക്കളുണ്ട്. തീവ്രമത വര്‍ഗീയത വച്ചു പുലര്‍ത്തുന്ന ഇവരെ സിപിഎം നേതൃത്വമാണ് സംരക്ഷിക്കുന്നത്.
2012ല്‍ പാവറട്ടിയില്‍ ആര്‍എസ്എസ് കാര്യവാഹ് ഷാരോണ്‍ വെട്ടേറ്റ് മരിച്ച സംഭവത്തിലെ പ്രധാന സാക്ഷികളിലൊരാളായിരുന്നു ആനന്ദന്‍. ഇതേത്തുടര്‍ന്ന് ഈ കേസിലെ സാക്ഷിമൊഴി ദുര്‍ബലമാക്കാനാണ് ഫാസില്‍ വധക്കേസില്‍ സിപിഎം നേതൃത്വം ആനന്ദനെ കുടുക്കിയത്.യഥാര്‍ത്ഥ കൊലയാളികളെ രക്ഷപ്പെടുത്താന്‍ സിപിഎം നടത്തുന്ന നീക്കം പ്രദേശത്ത് വന്‍പ്രതിഷേധത്തിന് ഇടയായിട്ടുണ്ട്.
















