തിരുവനന്തപുരം: ഗവര്‍ണ്ണര്‍ തിരിച്ചയച്ച ദേവസ്വം ഓര്‍ഡിനന്‍സ് വീണ്ടും അയക്കാന്‍ സര്‍ക്കാര്‍ തയ്യാറാകരുതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഓര്‍ഡിനന്‍സ് ഇറക്കി ഭരണ സമിതിയെ പിരിച്ചു വിടേണ്ട അടിയന്തര സാഹചര്യം ഇല്ലെന്ന് ബോധ്യപ്പെട്ടതു കൊണ്ടാണ് ഗവര്‍ണ്ണര്‍ ഓര്‍ഡിനന്‍സ് മടക്കി അയച്ചത്. ദേവസ്വം ബോര്‍ഡിനെ പിരിച്ചു വിട്ട നടപടി ജനവികാരം മനസ്സിലാക്കി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. അക്കാര്യത്തില്‍ സര്‍ക്കാര്‍ പിടിവാശി ഉപേക്ഷിക്കണം.
അഴിമതി കാണിച്ചതിനാണ് ദേവസ്വം ബോര്‍ഡ് പിരിച്ചു വിട്ടതെന്ന മന്ത്രിയുടെ വിശദീകരണം ശരിയാണെങ്കില്‍ ബോര്‍ഡ് അംഗമായി പ്രവര്‍ത്തിക്കുന്ന സിപിഎം പ്രതിനിധിയും അതിനുത്തരവാദിയാണ്. ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനത്തില്‍ എന്തെങ്കിലും ക്രമക്കേട് ബോധ്യപ്പെട്ടിരുന്നുവെങ്കില്‍ നിയമ പരമായ നടപടി സ്വീകരിക്കാമായിരുന്നു.
മാത്രമല്ല നവംബര്‍ 9 ന് സഭ സമ്മേളിച്ചപ്പോള്‍ ബില്‍ അവതരിപ്പിക്കാമായിരുന്നുവെങ്കിലും അതിനും സര്‍ക്കാര്‍ തയ്യാറായില്ല. അതിന്റെയര്‍ത്ഥം സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഗൂഡലക്ഷ്യം ഉണ്ടെന്നാണ്. ദേവസ്വംബോര്‍ഡിനെ പിരിച്ചു വിട്ട നടപടി അഭിമാന പ്രശ്‌നമായി കാണാതെ സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
















