തിരുവനന്തപുരം: ആര്‍എസ്എസ്സിനെ മോശമായി ചിത്രീകരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് ജെആര്‍എസ് ചെയര്‍പേഴ്‌സണ്‍ സി.കെ. ജാനു. ജനാധിപത്യരാഷ്‌ട്രീയസഭ(ജെആര്‍എസ്)യുടെ ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
ഇരുമുന്നണികളില്‍ നിന്നും ജനങ്ങള്‍ ബിജെപിയിലേക്ക് ഒഴുകുകയാണ്. സിപിഎമ്മും കോണ്‍ഗ്രസ്സും പട്ടികജാതി-വര്‍ഗത്തില്‍പ്പെട്ടവരെ മനുഷ്യരായി കണ്ടിട്ടില്ല. കേരളത്തില്‍ മാറി വരുന്ന സര്‍ക്കാരുകള്‍ ജീവിക്കുവാനുള്ള മൗലികാവകാശം നിഷേധിക്കുന്നു.
മനുഷ്യാവകാശലംഘനമാണ് നടക്കുന്നത്. ഇതിനെതിരെ പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ ഒരുമിക്കണമെന്നും ജാനു പറഞ്ഞു. ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാന്‍ ചെറുവയ്‌ക്കല്‍ തുളസീധരന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി തെക്കന്‍ സുനില്‍കുമാര്‍, സംസ്ഥാന ട്രഷറര്‍ അഡ്വ കെ.കെ. നാരായണന്‍ എന്നിവര്‍ പങ്കെടുത്തു.
















