കണ്ണൂര്‍: പുറച്ചേരി ഗ്രാമീണകലാവേദിയുടെ ബാനറില്‍ പ്രദീപ് കടയപ്രം നിര്‍മിച്ച ഡോക്യുമെന്ററിയാണ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ പേരിലുള്ള നടപടിക്ക് ഇടയാക്കിയത്. ഇത്തരത്തിലുള്ള സംഗീത ആല്‍ബങ്ങള്‍ സിപിഎമ്മില്‍ പതിവില്ലെന്ന് വ്യക്തമാക്കിയ നേതൃത്വം വ്യക്തിമഹത്ത്വപ്രചാരണവും വ്യക്തിപൂജയുമായിട്ടാണ് ഇതിനെ കണക്കാക്കുന്നതെന്നും വിലയിരുത്തി.
ജയരാജനെ വശ്യമധുരമായാണ് സംഗീതശില്പത്തില്‍ അവതരിപ്പിക്കുന്നത്.’കണ്ണൂരിന്‍ കണ്ണായ ധീരസഖാവേ, കൈരളിക്കഭിമാനം ധീരസഖാവേ…’ എന്നുതുടങ്ങുന്ന 15 മിനിറ്റ് ദൈര്‍ഘ്യമുള്ള സംഗീത ആല്‍ബത്തില്‍ പി. ജയരാജനെ സഖാവ് പി. കൃഷ്ണപിള്ളയുടെ ധീരോദാത്തമായ പോരാട്ടത്തിന് പകരംവെയ്‌ക്കുകയാണ്.
സംഘപരിവാറിന്റെ കൊലക്കത്തിക്കുമുന്നില്‍ ധീരതയോടെ പോരാടി ജീവന്‍ നിലനിര്‍ത്തിയ നേതാവ് എന്ന നിലയിലും വേദനിക്കുന്നവര്‍ക്ക് സാന്ത്വനത്തിന്റെ സ്‌നേഹസ്പര്‍ശമായി മാറിയ നേതാവ് എന്നരീതിയിലും പി. ജയരാജനെ അവതരിപ്പിക്കുന്നു. ‘ചെഞ്ചോരപ്പൊന്‍ കതിരല്ലേ, ചെമ്മണ്ണിന്‍ മാനം കാക്കും നന്മതന്‍ പൂമരമല്ലോ, കണ്ണൂരിന്റെ താരകമല്ലേ ജയജയരാജന്‍, ധീരസഖാവ്…’ തുടങ്ങി അദ്ദേഹത്തെ വീരയോദ്ധാവായി അവതരിപ്പിക്കുന്നു.
വെട്ടേറ്റ് ആശുപത്രിയില്‍ കിടക്കുന്നതിന്റെയും ജയിലില്‍നിന്ന് തലയുയര്‍ത്തി പുറത്തിറങ്ങുന്നതിന്റെയും ചിത്രങ്ങള്‍ ദൃശ്യവത്കരിക്കുന്നതോടൊപ്പം ? പ്രസംഗവേദിയിലേക്ക് പ്രസാദവാനായി അദ്ദേഹം ആല്‍ബത്തില്‍ നിറയുന്നു. ‘ജയരാജന് പിന്നിലണിയാന്‍ നവകേരളമൊറ്റമനസ്സായ്…’ എന്ന വരികളിലൂടെ സംസ്ഥാനതലത്തില്‍തന്നെ അദ്ദേഹം ഉയരുന്നു. ഈ ആല്‍ബം സിപിഎം. പ്രവര്‍ത്തകരുടെ സാമൂഹികമാധ്യമ കൂട്ടായ്‌മകളില്‍ വൈറലായി പ്രചരിച്ചിരുന്നു.
https://youtu.be/kGshQblo5jQ
















