ഗുരുവായൂര്‍: കാര്‍ഷിക സംസ്‌കൃതിയുടെ നന്മയും കരുതലും വീണ്ടെടുത്ത് പുതിയൊരു കേരളം സൃഷ്ടിക്കാനുള്ള കര്‍മ്മപദ്ധതികളുമായി സേവാഭാരതി സേവാസംഗമത്തിന് സമാപനം. പരിസ്ഥിതി സംരക്ഷണം, ജലസംരക്ഷണം, ജൈവകൃഷി പോഷണം, ഗോസേവ എന്നീ മേഖലകളില്‍ സേവാപ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ സേവാസംഗമത്തില്‍ തീരുമാനം.
കേരളം മുഴുവന്‍ മാതൃകാപരമായ രീതിയില്‍ മാലിന്യ നിര്‍മാര്‍ജ്ജന പദ്ധതികള്‍ക്ക് തുടക്കം കുറിക്കും. ഗുരുവായൂരിനെ സമ്പൂര്‍ണ മാലിന്യമുക്ത നഗരമാക്കാനും പദ്ധതി. തലചായ്‌ക്കാനൊരിടം പദ്ധതിയുടെ കീഴില്‍ കൂടുതല്‍ പേര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കും. പഞ്ചായത്ത് കേന്ദ്രങ്ങളില്‍ സേവാഭാരതി ജനസേവനകേന്ദ്രങ്ങള്‍ വര്‍ധിപ്പിക്കാനും ഗ്രാമതലത്തില്‍ ഗ്രാമസേവികമാരുടെ പ്രവര്‍ത്തനം ശക്തമാക്കാനും സേവാസംഗമം ആഹ്വാനം ചെയ്തു. പിന്നാക്ക ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് ഗ്രാമവികാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കും.
രണ്ടു ദിവസത്തെ സേവാസംഗമത്തില്‍ മൂവായിരത്തോളം പ്രതിനിധികളാണ് പങ്കെടുത്തത്. സമാപന സമ്മേളനത്തില്‍ ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി സദസ്യന്‍ സുഹാസ്‌റാവു ഹിരമിഡ് പ്രഭാഷണം നടത്തി. സേവാഭാരതി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ബാലചന്ദ്രന്‍ അധ്യക്ഷനായി. പ്രാന്ത സേവാപ്രമുഖ് അ. വിനോദ്, സംസ്ഥാന സെക്രട്ടറിമാരായ ഡി. വിജയന്‍, ഷാജകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സമാപന ദിവസമായ ഇന്നലെ ‘ഗ്രാമവികാസം ഏകാത്മമാനവദര്‍ശനത്തിന്റെ കാഴ്ചപ്പാടില്‍’ എന്ന വിഷയത്തില്‍ ചര്‍ച്ച നടന്നു.
ആര്‍എസ്എസ് പ്രാന്ത സഹകാര്യവാഹ് എം. രാധാകൃഷ്ണന്‍, അഖില ഭാരതീയ കാര്യകാരി അംഗം എസ്. സേതുമാധവന്‍, കേസരി ചീഫ് എഡിറ്റര്‍ ഡോ.എന്‍.ആര്‍. മധു, പ്രാന്ത സമ്പര്‍ക്കപ്രമുഖ് കെ.ബി. ശ്രീകുമാര്‍, പ്രാന്ത ബൗദ്ധിക് പ്രമുഖ് കെ.പി. രാധാകൃഷ്ണന്‍, പ്രാന്തകാര്യകാരി സദസ്യന്‍ ആര്‍. സഞ്ജയന്‍, പ്രാന്ത സഹകാര്യവാഹ് പി.എന്‍. ഈശ്വരന്‍, പ്രാന്ത ഗോസേവാപ്രമുഖ് കെ. കൃഷ്ണന്‍കുട്ടി, എസ്. രാമചന്ദ്രന്‍, കെ. പത്മകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















