ആലപ്പുഴ: പാതി വഴിയില്‍ നിലച്ച സീ പ്ലെയിന്‍ പദ്ധതിയ്‌ക്കായി സര്‍ക്കാര്‍ പ്രതിമാസം പാഴാക്കുന്നത് ലക്ഷങ്ങള്‍. പദ്ധതിക്കായി വാങ്ങിയ ആധുനിക സുരക്ഷാ ഉപകരണങ്ങള്‍ ഉള്‍പ്പെടെ നശിക്കുന്നു. പുന്നമടയില്‍ സൂക്ഷിച്ചിരിക്കുന്ന മിനി എയര്‍പോര്‍ട്ടിനുള്ള കോടികള്‍ വിലമതിക്കുന്ന സാധനങ്ങള്‍ ഹൗസ് ബോട്ടുകളില്‍ കിടന്നു നശിക്കുന്നു.
ടൂറിസം മേഖലയ്‌ക്ക് വന്‍ കുതിപ്പ് പകരുമെന്ന് കൊട്ടിഘോഷിച്ച് തുടങ്ങിയ പദ്ധതിയുടെ ഭാഗമായി പരീക്ഷണ പറക്കല്‍ പോലും നടത്താന്‍ കഴിഞ്ഞില്ല. നാലു വര്‍ഷം മുന്‍പ് കൊല്ലം അഷ്ടമുടിക്കായലില്‍ നിന്ന് പറന്നുയര്‍ന്ന സീ പ്ലെയിന്‍ ആകാശത്ത് വട്ടം ചുറ്റി അവിടെ തന്നെ ഇറങ്ങുകയായിരുന്നു. ഉദ്ഘാടനത്തിന്റെ ഭാഗമായി അഷ്ടമുടിക്കായലില്‍ നിന്ന് ആലപ്പുഴ പുന്നമടയിലേക്ക് സീ പ്‌ളെയിന്‍ പറക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
എന്നാല്‍ മത്സ്യത്തൊഴിലാളി സംഘടനകള്‍ ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തിയതോടെ ഉദ്ഘാടനം പോലും നടത്താനാകാതെ പദ്ധതി പാളി. പുന്നമടയില്‍ കെട്ടി ഇട്ടിരിക്കുന്ന രണ്ടു ഹൗസ് ബോട്ടുകളിലാണ് ആധുനിക സുരക്ഷാ സംവിധാനങ്ങള്‍ ഉല്‍പ്പെടെയുള്ള വിലയേറിയ യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്.
സീ പ്ലെയിനിലെ യാത്രക്കാരെ പരിശോധിക്കാനാണ് കോടികള്‍ മുടക്കി ഈ യന്ത്രങ്ങള്‍ വാങ്ങിയത്. ഇനി പദ്ധതി ആരംഭിച്ചാലും ഈ ഉപകരണങ്ങള്‍ ഉപയോഗിക്കാമെന്ന് ഉറപ്പില്ല. കൊല്ലം അഷ്ടമുടിയിലും ഒരു ഹൗസ്‌ബോട്ടില്‍ പരിശോധന യന്ത്രങ്ങള്‍ സൂക്ഷിച്ചിട്ടുണ്ട്.
നിലവില്‍ ടൂറിസം വകുപ്പാണ് ഇവ സംരക്ഷിക്കുന്നത്. കൂടാതെ രണ്ടു സ്പീഡ് ബോട്ടുകളും നാശോന്മുഖമായി കിടക്കുന്നു. ഇതിനായി പ്രതിമാസം ലക്ഷങ്ങളാണ് ചിലവഴിക്കുന്നത്. ഉപകരണങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന ഹൗസ്‌ബോട്ടുകളുടെ വാടകയും, ഇതിനു കാവല്‍ നില്‍ക്കുന്ന പോലീസുക്കാരുടെ ശമ്പളവും നാലു വര്‍ഷമായി സര്‍ക്കാര്‍ നല്‍കുകയാണ്.
















