ന്യൂദല്‍ഹി: ദല്‍ഹിയില്‍ വായു മലിനീകരണം വീണ്ടും രൂക്ഷമായി. അന്തരീക്ഷം വിഷപ്പുകയില്‍ മുങ്ങിയതോടെ വിമാന, ട്രെയിന്‍ സര്‍വ്വീസുകളില്‍ തടസ്സം നേരിട്ടു. ഏതാനും സര്‍വ്വീസുകള്‍ റദ്ദാക്കി. ട്രെയിനുകള്‍ പലതും മണിക്കൂറുകളോളം വൈകിയാണ് ഓടുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ മലിനീകരണത്തില്‍ നേരിയ കുറവ് അനുഭവപ്പെട്ടിരുന്നു. എന്നാല്‍ ഇന്നലെ വീണ്ടും ഉയര്‍ന്നു. 676 ആണ് നഗരത്തിന്റെ പലഭാഗങ്ങളിലെയും വായുഗുണനിലവാര സൂചിക. ലോകാരോഗ്യ സംഘടനയുടെ പഠനപ്രകാരം അനുവദനീയമായതിന്റെ 27 ഇരട്ടിയാണിത്. ശനിയാഴ്ച ഇത് 403 ആയിരുന്നു. പുക കാരണം റോഡുകള്‍ അവ്യക്തമായതോടെ അപകടങ്ങളും പതിവായിട്ടുണ്ട്. നൂറ് മീറ്ററില്‍ താഴെയാണ് ഇപ്പോള്‍ ദൃശ്യപരിധി.
ശ്വാസകോശ രോഗങ്ങള്‍ വര്‍ധിച്ചതോടെ ആശുപത്രികളില്‍ രോഗികളുടെ തിരക്കാണ്. കഴിഞ്ഞ ഒരാഴ്ചയായി മൂന്നിരട്ടി രോഗികള്‍ എത്തുന്നതായി ആശുപത്രി അധികൃതര്‍ പറയുന്നു. ചുമ, കഫക്കെട്ട്, ശ്വാസതടസ്സം എന്നിവയാണ് ജനങ്ങളെ വലക്കുന്നത്. ആസ്ത്മ രോഗികളാണ് ഏറെ ദുരിതമനുഭവിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യം ആയുര്‍ദൈര്‍ഘ്യം കുറക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
മലിനീകരണം തടയുന്നതിന് ഏതാനും ദിവസം മുന്‍പ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചിരുന്നു. നഗരത്തിലേക്ക് ട്രക്കുകള്‍ പ്രവേശിക്കുന്നതും വിലക്കി. തിങ്കളാഴ്ച മുതല്‍ ഒറ്റ-ഇരട്ട നമ്പര്‍ വാഹന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും സ്ത്രീകള്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും ഇളവ് നല്‍കാനാകില്ലെന്ന് ഹരിത ട്രൈബ്യൂണല്‍ വ്യക്തമാക്കിയതോടെ പിന്‍വലിച്ചു. ഇതില്‍ ദല്‍ഹി സര്‍ക്കാര്‍ ഇന്ന് അപ്പീല്‍ നല്‍കിയേക്കും.
















