കുന്നത്തൂര്‍: ശൂരനാട് വടക്ക് കെസിടി ജംഗ്ഷനില്‍ പോലീസിനെ സംഘം ചേര്‍ന്ന് ആക്രമിച്ച സംഭവത്തില്‍ 12 പേരെ പോലീസ് അറസ്റ്റു ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
വെള്ളിയാഴ്ച രാത്രി 11നാണ് അനിഷ്ട സംഭവങ്ങള്‍ നടന്നത്. പെണ്‍കുട്ടി കുളിക്കുന്നതിനിടയില്‍ കുളിമുറിയില്‍ മൊബൈല്‍ഫോണ്‍ കണ്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. പെണ്‍കുട്ടിയുടെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് സമീപത്തെ ഹാര്‍ഡ്‌വെയര്‍ കടയില്‍ ജോലി ചെയ്യുന്ന ബംഗാള്‍സ്വദേശി കൃഷ്ണയെ (25) താമസ സ്ഥലം വളഞ്ഞ് പിടികൂടി നാട്ടുകാര്‍ മര്‍ദിച്ചു.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് തൊഴിലാളിയെ മോചിപ്പിക്കാന്‍ ശ്രമിച്ചതോടെ നാട്ടുകാര്‍ പോലീസിനെ ആക്രമിക്കുകയായിരുന്നു. എസ്‌ഐമാരുള്‍പ്പെടെ ആറുപോലീസുകാര്‍ക്ക് പരിക്കേറ്റു.
ശൂരനാട് എസ്‌ഐമാരായ സജീഷ്, സെബാസ്റ്റ്യന്‍, എഎസ്‌ഐ വിമല്‍ഘോഷ് സിപിഒ വിജോയ്, ഉമേഷ്, വിഷ്ണുരാജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. രണ്ടുപേര്‍ക്ക് പരുക്ക് ഗുരുതരമാണ്. പോലീസ് ജീപ്പും തകര്‍ക്കപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് 12 പേരെ പുലര്‍ച്ചയോടെ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തു. ശൂരനാട് തെക്ക് ഇരവിച്ചിറ ചരുവില്‍ പുത്തന്‍വീട്ടില്‍ ഷാനവാസ് ഷാനു (32), കളീക്കല്‍ വീട്ടില്‍ പുന്നൂസ് (46), എജെ വില്ലയില്‍ ഷിബു (37), ശൂരനാട് വടക്ക് പടിഞ്ഞാറ്റ കിഴക്കുമുറി ജോസ് ലാന്റില്‍ ജോസ് (41), ബംഗ്ലാവില്‍ മേലതില്‍ സാജു ജയിംസ് (42), മാന്തോപ്പില്‍ പ്രിന്‍സ് (29), ജിപ്‌സണ്‍ ഹൗസില്‍ സാംസണ്‍ (39), റോഡിന്റെ വടക്കതില്‍ ലാലു(32), ജോസ് ഭവനില്‍ പ്രമോദ് (37), ജെസി വില്ലയില്‍ ഇന്‍ഫന്റ് തോമസ്(29), പള്ളി പടിഞ്ഞാറ്റതില്‍ രതീഷ് (32) എന്നിവരാണ് പിടിയിലായത്. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. പെണ്‍കുട്ടിയുടെ ചിത്രം മൊബൈലില്‍ പകര്‍ത്തിയ തൊഴിലാളിയും റിമാന്‍ഡിലാണ്.
















