ചവറ: കെഎംഎംഎല്‍ കമ്പനിയില്‍ നിന്നും അശാസ്ത്രീയമായി ആസിഡ് ജലം ഒഴുകി പുരയിടത്തില്‍ കയറിയതോടെ വീടിന് വെളിയില്‍ ഇറങ്ങാനാകാതെ കുടുംബം വലയുന്നു.
ഓലംതുരുത്ത് കറുങ്ങയില്‍ ക്ഷേത്രത്തിന് സമീപം തോട്ടുകര ബീനയുടെ വീട്ടിലാണ് രണ്ട് ദിവസം മുമ്പ് ആസിഡ് വെള്ളം കയറിയത്. സമീപത്തെ ചാലിലൂടെ വേലിയേറ്റസമയത്ത് വെള്ളം പുരയിടത്തില്‍ വ്യാപിക്കുകയായിരുന്നു. എന്നാല്‍ വേലിയിറക്ക സമയത്ത് വെള്ളം തിരിച്ച് ഒഴുകിപോയെങ്കിലും മുറ്റവും പരിസരവും വെള്ളിക്കളര്‍ നിറത്തില്‍ ആസിഡ് വ്യാപിച്ചുകിടക്കുകയാണ്. വീടിന് പുറത്ത് ഇറങ്ങിയവര്‍ക്ക് അസഹ്യമായ ചൊറിച്ചില്‍ അനുഭവപ്പെട്ടതായി ബീന പറയുന്നു. കമ്പനിയില്‍ നിന്നും ആസിഡ് കലര്‍ന്ന വെള്ളം കായലിലേക്ക് ഒഴുക്കിവിടുന്ന കുഴല്‍ ചില ഇടങ്ങളില്‍ പൊട്ടുകയും ഇതിലൂടെ ആസിഡ് പ്രദേശത്ത് വ്യാപിക്കുകയുമാണ്. പ്രദേശത്ത് തെങ്ങ് ഉള്‍പ്പെടെ മരങ്ങള്‍ നശിച്ച നിലയിലാണ്. വാര്‍ഡംഗം സ്ഥലത്ത് എത്തി കത്ത് നല്‍കിയിട്ടും കമ്പനി അധികൃതര്‍ ആരും തിരിഞ്ഞുനോക്കിയില്ലെന്നും ഇവര്‍ പറയുന്നു.
















