തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് എബിവിപി മഹാറാലി സമാപിച്ചപ്പോള്‍
തിരുവനന്തപുരം: അഭിമാന കേരളത്തിനായി വിദ്യാര്‍ത്ഥി ശക്തി അലയടിച്ച് തലസ്ഥാന നഗരിയില്‍ എബിവിപിയുടെ ചലോ കേരള മാര്‍ച്ച്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ മാര്‍ച്ചില്‍ അണിനിരന്നപ്പോള്‍ സംസ്ഥാന തലസ്ഥാനം ഇന്നേവരെ കണ്ടിട്ടില്ലാത്ത മഹാറാലിക്ക് സാക്ഷ്യം വഹിച്ചു.
കേട്ടു പതിഞ്ഞ മുദ്രാവാക്യങ്ങള്‍ക്ക് വിഭിന്നമായി മറാഠിയിലും, മണിപ്പൂരിയിലും ഹിന്ദിയിലും ബംഗാളി യിലുമൊക്കെയുള്ള മുദ്രാവാക്യങ്ങള്‍ക്കായിരുന്നു തലസ്ഥാനം ഇന്നലെ സാക്ഷ്യം വഹിച്ചത്. മാര്‍ച്ച് എംജി റോഡുവഴി പുത്തരിക്കണ്ടത്തേക്ക് നീങ്ങിയപ്പോള്‍ നഗരം കാവിക്കടലായി.
കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പങ്കെടുത്ത പ്രകടനം പിഎംജി ജംഗ്ഷനില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടേത് മ്യൂസിയം പരിസരത്തു നിന്നും ആരംഭിച്ചു. പിഎംജിയില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് എബിവിപി ദേശീയ അദ്ധ്യക്ഷന്‍ നാഗേഷ് ഠാക്കൂറും മ്യൂസിയം ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് മുന്‍ ദേശീയ സെക്രട്ടറി ശ്രീഹരി ബോറിക്കറും ഉദ്ഘാടനം ചെയ്തു. ചലോ കേരള മാര്‍ച്ച് സംസ്ഥാനത്ത് സംജാതമായിരക്കുന്ന സംഘര്‍ഷ അന്തരീക്ഷത്തെ മാറ്റി സമാധാനം സൃഷ്ടിക്കാനുള്ളതാണെന്ന് ശ്രീഹരി ബോറിക്കര്‍ പറഞ്ഞു.
ആര്‍ക്കും അഭിമാനത്തോടെ കേരളത്തില്‍ ജീവിക്കാന്‍ സാധിക്കണം. കമ്മ്യൂണിസ്റ്റിന്റെ പിതൃത്വം ഭാരതത്തിലല്ല. അതിനാല്‍ ദേശവിരുദ്ധ പ്രവര്‍ത്തകരുടെ കൂടെയാണ് കമ്മ്യൂണിസ്റ്റുകാരെന്നും ശ്രീഹരി ബോറിക്കര്‍ പറഞ്ഞു. ദേശീയ ജനറല്‍ സെക്രട്ടറി വിനയ് ബിദ്രെ, ദല്‍ഹി സര്‍വകലാശാല യൂണിയന്‍ സെക്രട്ടറി മഹാമേധ നാഗര്‍, പശ്ചിമബംഗാളില്‍ നിന്നുള്ള എബിവിപിദേശീയസെക്രട്ടറി കിഷോര്‍ ബര്‍മന്‍, ദേശീയ സെക്രട്ടറി ഒ.നിധീഷ്, സംസ്ഥാന സെക്രട്ടറി പി. ശ്യാംരാജ് തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.
ഇരുമാര്‍ച്ചും എല്‍എംഎസ് ജംഗ്ഷനില്‍ സംഗമിച്ച ശേഷമാണ് മഹാറാലിയായി പുത്തരിക്കണ്ടം മൈതാനിയിലേക്കു നീങ്ങിയത്. അതാത് സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്ലക്കാര്‍ഡും കാവിപ്പതാകയുമേന്തിയുള്ള ബൈക്ക് റാലിയായിരുന്നു ഏറ്റവും മുന്നില്‍. തുടര്‍ന്ന് ബാനറിനു പിന്നില്‍ ദേശീയ നേതാക്കളും. തൊട്ടു പിന്നിലായി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥിനികള്‍ അണിചേര്‍ന്നു.
പഞ്ചാബില്‍ നിന്നെത്തിയവര്‍ ബംഗര താളത്തിനൊത്ത് കമ്മ്യൂണിസ്റ്റ് ഭരണം തുലയട്ടെ എന്ന മുദ്രാവാക്യവുമായി മുന്നേറിയപ്പോള്‍ യുപി, ദല്‍ഹി, ബീഹാര്‍, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ ‘ലാല്‍ഗുലാമി തോട്‌കേ ബോലോ വന്ദേമാതരം വന്ദേമാതരം’ (ചുവപ്പനടിമത്തം വലിച്ചെറിഞ്ഞ് വിളിക്കൂ വന്ദേമാതരം വന്ദേമാതരം) എന്ന മുദ്രാവാക്യങ്ങളുമായി നീങ്ങി. അതാത് സംസ്ഥാനങ്ങളിലെ ബാനറിനു പിന്നിലായാണ് പ്രവര്‍ത്തകര്‍ റാലിയില്‍ പങ്കെടുത്തത്. 11ന് ആരംഭിച്ച മാര്‍ച്ച് ഒരു മണിക്കൂര്‍ പിന്നിട്ട് മുന്‍നിര പുത്തരിക്കണ്ടത്ത് എത്തിയപ്പോഴായിരുന്നു പിന്‍ നിരയില്‍ അണിനിരന്ന കേരളത്തിലെ പ്രവര്‍ത്തകരുടെ മാര്‍ച്ച് തുടങ്ങിയത്.
















