ഹരിപ്പാട്: കൊല്ലം-എറണാകുളം മെമു തീവണ്ടി പാളം തെറ്റി. വന്‍ ദുരന്തം ഒഴിവായി. ഗാര്‍ഡിന് നിസ്സാരപരിക്ക്. യാത്രക്കാര്‍ക്ക് പരിക്കില്ല. ഇന്നലെ രാവിലെ 10.15ന് ഹരിപ്പാട് സ്റ്റേഷനിലെത്തി പുറപ്പെട്ട ഉടനെയാണ് അപകടം. സ്റ്റേഷനില്‍ നിന്ന് 50 മീറ്റര്‍ അകലെ ബോഗിയുടെ രണ്ട് വീലുകളാണ് പാളം തെറ്റിയത്. അറ്റകുറ്റപ്പണി നടത്തുന്ന ട്രാക്കിലൂടെ തീവണ്ടി കടത്തിവിട്ടതാണ് അപകടകാരണമെന്നും പറയുന്നു.
ഗാര്‍ഡ് രഞ്ജന്‍(37)നാണ് പരിക്കേറ്റത്. പാളം തെറ്റിയപ്പോള്‍ രഞ്ജന്‍ താഴെ വീഴുകയായിരുന്നു. വലത് കൈക്കും കാലിനുമാണ് പരിക്ക്. ഇദ്ദേഹത്തെ ഹരിപ്പാട് ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീലുകളുടെ തേയ്‌മാനമാകാം പാളം തെറ്റാന്‍ കാരണമെന്നും പറയുന്നു.
എന്നാല്‍ തിരുവനന്തപുരം ഡിവിഷനില്‍ നിന്നും ഉന്നത ഉദ്യോഗസ്ഥരെത്തി അപകടം വിലയിരുത്തുമെന്ന് സ്റ്റേഷന്‍ അധികൃതര്‍ പറഞ്ഞു. ഈ സമയം മറ്റ് ട്രെയിനുകള്‍ ഇല്ലാത്തതിനാല്‍ തൊട്ടടുത്ത സ്റ്റേഷനിലൊന്നും ട്രെയിന്‍ പിടിച്ചിടേണ്ടി വന്നില്ല. സ്റ്റേഷനോട് ചേര്‍ന്ന ഒന്നാം പ്ലാറ്റ്‌ഫോമില്‍ നിന്നും വണ്ടി പുറപ്പെടുമ്പോള്‍ തൊട്ടടുത്ത പാളങ്ങളില്‍ പണി നടക്കുന്നുണ്ടായിരുന്നു വെന്നും ട്രെയിന്‍ പതുക്കെ നീങ്ങുമ്പോള്‍ വലിയ ശബ്ദം കേട്ട് ഭയന്നെന്നും ട്രെയിനിലെ യാത്രക്കാര്‍ പറഞ്ഞു.
രണ്ടാം പ്ലാറ്റ്‌ഫോമിലൂടെയുള്ള സര്‍വസ് നിര്‍ത്തിവച്ചിട്ടില്ലെന്ന് സ്റ്റേഷന്‍ മാസ്റ്റര്‍ അറിയിച്ചു. ഉച്ചയ്‌ക്ക് 12ന് കൊച്ചുവേളിയില്‍ നിന്നും വടക്കോട്ട് പോകുന്ന സംബര്‍ക്കക്രാന്തി സൂപ്പര്‍ ഫാസ്റ്റില്‍ മെമ്മുവിലെ എറണാകുളം വരെയുള്ള യാത്രക്കാരെ കയറ്റിവിട്ടു. ഹരിപ്പാട് സ്റ്റേഷനില്‍ മൂന്നു പാളങ്ങള്‍ ഉള്ളതിനാല്‍ അധികം വൈകാതെ ഗതാഗതം പുനഃസ്ഥാപിച്ചു.
















