ന്യൂദല്‍ഹി: നിയമ നടപടികള്‍ ദുരുപയോഗം ചെയ്ത കേരളാ ആരോഗ്യ സര്‍വ്വകലാശാലയ്‌ക്ക് സുപ്രീംകോടതി പിഴയിട്ടു. അനാവശ്യമായി കേസുകളിക്കുന്ന സര്‍വ്വകലാശാലയെ വിമര്‍ശിച്ച കോടതി 20,000 രൂപയാണ് പിഴയിട്ടത്. നേഴ്‌സിംഗ് കോളേജുകളുടെ അംഗീകാരം റദ്ദാക്കിയതുമായി ബന്ധപ്പെട്ട കേസിലാണിത്.
കോട്ടയം കറുകച്ചാല്‍ ഗുരു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന മൂന്നു നേഴ്‌സിംഗ് കോളജുകളിലെ ബിഎസ്‌സി നേഴ്‌സിംഗ് കോഴ്‌സിന്റെ അംഗീകാരം ആവശ്യത്തിന് രോഗികളില്ല എന്നു ചൂണ്ടിക്കാട്ടി ആരോഗ്യ സര്‍വ്വകലാശാല റദ്ദാക്കിയിരുന്നു. ഒരു ദിവസം നടത്തിയ മിന്നല്‍ പരിശോധനയില്‍ രോഗികള്‍ കുറവായിരുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ അംഗീകാരം റദ്ദാക്കാന്‍ ആവില്ലെന്ന് കാട്ടി മാനേജ്‌മെന്റ് ഹൈക്കോടതിയെ സമീപിച്ചു. ഒരിക്കല്‍ കൂടി പരിശോധിച്ച്, മുന്‍ വര്‍ഷങ്ങളിലെ രേഖകള്‍ കൂടി വിലയിരുത്തി അന്തിമ തീരുമാനമെടുക്കാന്‍ ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു.
നവംബര്‍ 15നകം പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതിനാല്‍ വീണ്ടും പരിശോധന നടത്താന്‍ സമയമില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി വിധിക്കെതിരെ ആരോഗ്യ സര്‍വ്വകലാശാല സുപ്രീംകോടതിയെ സമീപിച്ചു. ആറു നേഴ്‌സിംഗ് കോളേജുകളും സമാന ആവശ്യവുമായി രംഗത്തുണ്ടെന്നും ഇനിയും സാവകാശം നല്‍കിയാല്‍ മുന്‍ വര്‍ഷങ്ങളിലെ രേഖകള്‍ മാനേജ്‌മെന്റുകള്‍ കെട്ടിച്ചമയ്‌ക്കുമെന്നും സര്‍വ്വകലാശാല കോടതിയെ അറിയിച്ചു.
വാദങ്ങള്‍ തള്ളിയ സുപ്രീംകോടതി, നിയമനടപടികള്‍ സര്‍വ്വകലാശാല ദുരുപയോഗം ചെയ്യുകയാണെന്നും കുറ്റപ്പെടുത്തി. ഹര്‍ജി അനാവശ്യമാണ്. സര്‍വ്വകലാശാലയ്‌ക്ക് പരിശോധനകള്‍ നടത്താവുന്നതേയുള്ളൂ. കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കിയ സര്‍വ്വകലാശാല പിഴയടയ്‌ക്കണം, ജസ്റ്റിസ് ആര്‍.എഫ് നരിമാന്‍ അധ്യക്ഷനായ ബെഞ്ച് വിധിച്ചു. പിഴയായ ഇരുപതിനായിരം രൂപ രണ്ടാഴ്ചയ്‌ക്കകം സുപ്രീംകോടതി ലീഗല്‍ സര്‍വ്വീസ് അതോറിറ്റിക്ക് കൈമാറണമെന്നും നിര്‍ദ്ദേശമുണ്ട്.
















