കൊല്‍ക്കത്ത: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നാലു ബൗളര്‍മാരെന്ന തന്ത്രം പ്രയോഗിക്കുമെന്ന് ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദിനേശ് ചാണ്ടിമല്‍.
പാക്കിസ്ഥാനെതിരായ പരമ്പരയില്‍ അഞ്ചു ബൗര്‍മാരെ കളിപ്പിച്ച തന്ത്രം വിജയിച്ചതാണ്.എന്നിരുന്നാലും ഇന്ത്യക്കെതിരെ നാലു ബൗളര്‍മാരെ കളിപ്പിക്കുകയാണ് ഞങ്ങളുടെ തന്ത്രം. പത്രക്കാരോട് സംസാരിക്കുകയായിരുന്നു ദിനേശ്.
ഇന്ത്യയുടെ ബൗളിങ്ങ് നിര ശക്തമാണ്. അത് കൊണ്ട് ബാറ്റിങ്ങ് ശക്തമാക്കണം. അത്‌കൊണ്ട് അഞ്ചാം ബൗളര്‍ക്ക് പകരം ഒരു ഓള്‍ റൗണ്ടറെ കളിപ്പിക്കും.
പാക്കിസ്ഥാനെതിരെ ആറ് ബാറ്റ്‌സ്മാന്മരെയും അഞ്ചു ബൗളര്‍മാരെയും പരീക്ഷിച്ചു. ഈ തന്ത്രം വിജയിക്കുകയും ചെയ്തു. നാല് ബൗളര്‍മാരെ ഇറക്കി ഒരു മത്സരത്തില്‍ വിജയം നേടുക ഏളുപ്പമല്ല. എന്നാല്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ മികച്ച ഫോമിലാണ്. അതിനാല്‍ ഒരു ബൗളറെ തഴഞ്ഞ് ഓള്‍ റൗണ്ടറെ ഉള്‍പ്പെടുത്തുമെന്ന് ദിനേശ് പറഞ്ഞു.
മികച്ച ഫോമില്‍ കളിക്കുന്ന കോഹ്‌ലിയുടെ ഇന്ത്യന്‍ ടീമിനെ ഭയക്കേണ്ട ആവശ്യമില്ലെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം കോച്ച് നിക്ക് പോത്താസ്പറഞ്ഞു.
നാട്ടില്‍ ഇന്ത്യയില്‍ നിന്നേറ്റ തോല്‍വിയില്‍ നിന്ന് ഞങ്ങള്‍ പലതും പഠിച്ചുകഴിഞ്ഞു. ഇന്ത്യ മികച്ച ടീമാണെന്ന കാര്യത്തില്‍ സംശയമില്ല. മികച്ച ടീമിനെതിരെ പോരാടാന്‍ ഇവിടെയെത്തിയതില്‍ സന്തോഷമുണ്ടെന്ന് പോത്താസ് പറഞ്ഞു.
ജൂലൈ -സെപ്റ്റംബര്‍ മാസങ്ങളില്‍ ശ്രീലങ്ക സന്ദര്‍ശിച്ച ഇന്ത്യന്‍ ടീം മൂന്ന് ടെസ്റ്റുകളിലും അഞ്ചു ഏകദിനങ്ങളിലും ഒരു ട്വന്റി 20 മത്സരത്തിലും ശ്രീലങ്കയെ തകര്‍ത്ത് സമ്പൂര്‍ണ വിജയമാഘോഷിച്ചു.
ഈ തോല്‍വികള്‍ക്കുശേഷം യുഎഇയില്‍ പാക്കിസ്ഥാനെതിരെ നടന്ന ടെസ്റ്റ് പരമ്പരയില്‍ ശ്രീലങ്ക തിരിച്ചുവന്നു. രണ്ട് ടെസ്റ്റില്‍ വിജയിച്ച് പരമ്പര നേടി. ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനം നാളെ ബോര്‍ഡ് പ്രസിഡന്റ് ഇലവനെതിരായ പരിശീലന മത്സരത്തോടെ ആരംഭിക്കും.മൂന്ന് ടെസ്റ്റും മൂന്ന് ഏകദിനങ്ങളും അത്രയും തന്നെ ട്വന്റി 20 മത്സരങ്ങളും അടങ്ങുന്നതാണ് പരമ്പര.
















