ടൂറിന്‍: രണ്ട് ദശാബ്ദക്കാലം കളിക്കളത്തില്‍ നിറഞ്ഞുനിന്ന ലോകത്തിലെ ഏറ്റവും മികച്ച പ്ലേമേക്കര്‍മാരിലൊരാളായ ആന്ദ്രെ പിര്‍ലോ ഫുട്‌ബോള്‍ യാത്ര അവസാനിപ്പിക്കുന്നു.
ട്വിറ്ററിലൂടെയാണ് ഇറ്റാലിയന്‍ താരമായ പിര്‍ലോ വിടവാങ്ങല്‍ പ്രഖ്യാപിച്ചത്. കളിക്കാരനെന്ന നിലയിലെ തന്റെ യാത്ര അവസാനിപ്പിക്കുകയാണെന്ന് പിര്‍ലോ ട്വിറ്ററില്‍ കുറിച്ചു.
എന്റെ കുടുംബത്തിനും കളിക്കാന്‍ അവസരം നല്‍കിയ എല്ലാ ടീമുകള്‍ക്കും എന്നോടൊപ്പം കളിച്ചവര്‍ക്കും അവിശ്വസനീയമായ ഫുട്‌ബോള്‍ ജീവിതം കെട്ടിപ്പെടുക്കാന്‍ പിന്തുണ നല്‍കിയ ജനത്തിനും പിര്‍ലോ നന്ദി പ്രകാശിപ്പിച്ചു.
ഇറ്റലിക്ക് വേണ്ടി 116 തവണ കളിക്കളത്തിലിറങ്ങിയ താരമാണ്.നിലവില്‍ ന്യൂയോര്‍ക്ക് സിറ്റിക്ക് കളിക്കുന്ന പില്‍റോ, ഈ സീസണിന്റെ അവസാനത്തോടെ അരങ്ങോഴിയുമെന്ന് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.2006ല്‍ ലോകകപ്പ് നേടിയ ഇറ്റാലിയന്‍ ടീമംഗമായിരുന്നു. രണ്ട് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും ആറ് സിരീ എ കിരീടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.
പതിനാറാം വയസില്‍ നാട്ടിലെ ക്ലബ്ബ് ബ്രീസിയയില്‍ അരങ്ങേറിയ പിര്‍ലോ 1998ല്‍ ഇന്റര്‍ മിലാനില്‍ ചേര്‍ന്നു. 2001ല്‍ എസി മിലാനില്‍ ചേക്കേറി. പിര്‍ലോയുടെ മികവില്‍ മിലാന്‍ 2003 ല്‍ ചാമ്പ്യന്‍സ് ലീഗും ഇറ്റാലിയന്‍ കപ്പും നേടി. അടുത്തവര്‍ഷം സിരീ എ കിരീടവും കരസ്ഥമാക്കി.
2006 ല്‍ ഇറ്റലി ലോകകപ്പ് നേടിയപ്പോള്‍ പിര്‍ലോയെ ഏറ്റവും മികച്ച
പ്ലേമേക്കറെന്ന് ലോകം വാഴ്‌ത്തി.
ഫോം മോശമാകുന്നെന്ന് കണ്ടപ്പോള്‍ പിര്‍ലോ മിലാന്‍ വിട്ട് യുവന്റസില്‍ ചേര്‍ന്നു. ഈ മധ്യനിരക്കാരന്റെ മികവില്‍ യുവന്റസ് തുടര്‍ച്ചയായി നാലുതവണ സിരീ എ കിരീടം നേടി. 2015 ജൂലൈയില്‍ അമേരിക്കയിലെ ന്യൂയോര്‍ക്ക് സിറ്റി ടീമില്‍ ചേര്‍ന്നു. കഴിഞ്ഞ രണ്ട് സീസണിലും ന്യൂയോര്‍ക്ക് സിറ്റി എംഎല്‍എസിന്റെ പ്ലേ ഓഫില്‍ കടന്നു.പക്ഷെ കിരീടം നേിക്കൊടുക്കാന്‍ പിര്‍ലോയ്‌ക്ക് കഴിഞ്ഞില്ല.
















