തിരുവനന്തപുരം: കാത്തിരുന്ന ക്രിക്കറ്റ് മാമാങ്കം മഴ മുക്കിക്കളയുമോ എന്ന പേടിയിലാണ് ക്രിക്കറ്റ് പ്രേമികള്‍. 29 വര്‍ഷങ്ങള്‍ക്ക് ശേഷം അനന്തപുരിയിലെത്തുന്ന അന്താരാഷ്ട ക്രിക്കറ്റ് മത്സരത്തിന് ആശങ്ക വിതയ്‌ക്കുന്നത്് മഴമാത്രം. ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 പരമ്പരയിലെ നിര്‍ണ്ണായകമായ മൂന്നാം മത്സരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ ഇന്ന് വൈകിട്ട് ഏഴിന് ആരംഭിക്കും.
മത്സരത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ ആരാധക മനസില്‍ ആശങ്ക നിറച്ച് തിരുവനന്തപുരത്ത് ഇന്നലെയും കനത്ത മഴ പെയ്തു. ഉച്ചയോടെ തുടങ്ങിയ മഴ രണ്ട് മണിക്കൂറോളം തിമിര്‍ത്ത് പെയ്തു. ഇന്നും മഴയ്‌ക്ക് സാധ്യതയുണ്ടെന്ന കാലവസ്ഥാ മുന്നറിയിപ്പ് നിരാശപ്പെടുത്തുമ്പോഴും സ്‌റ്റേഡിയത്തിലെ മികച്ച ഡ്രെയിനേജ് സംവിധാനം ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നു. കനത്ത മഴ പെയ്താലും വെള്ളം കെട്ടിനില്‍ക്കാതിരിക്കാനുള്ള ഫിഷ് പോണ്ട് ഡ്രെയിനേജ് സംവിധാനമാണ് സ്‌റ്റേഡിയത്തിലുള്ളത്. മത്സരത്തിനിടെ മഴ പെയ്താലും മഴ നിന്ന് 20 മിനുട്ടിനുള്ളില്‍ മത്സരം പുനരാരംഭിക്കുവാനാകും.
പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യക്ക് ഇന്ന് വിജയം അനിവാര്യമാണ്. അതേസമയം, ഏകദിന പരമ്പര 2-1 ന് നഷ്ടപ്പെട്ട ന്യുസിലാന്റിന്് നാണക്കേടില്ലാതെ തിരിച്ചുപോകാനും ജയം കൂടിയേ തീരു. അതിനാല്‍ ശക്തമായ പോരാട്ടം തന്നെ പ്രതീക്ഷിക്കാം.
തിരുവനന്തപുരത്തെ മൂന്നാമത്തെ അന്താരാഷ്ട ക്രിക്കറ്റ് മത്സരമാണ് ഇന്നത്തേത്. 1984 ഒക്ടോബര്‍ ഒന്നിന് യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തില്‍ ഇന്ത്യ- ഓസ്‌ട്രേലിയ ഏകദിനമായിരുന്നു ആദ്യത്തേത്. കളി മഴയില്‍ മുങ്ങി.
1988 ല്‍ വെസ്റ്റ് ഇന്‍ഡിസിനെതിരായ ഏകദിനമായിരുന്നു രണ്ടാം മത്സരം. രവി ശാസ്ത്രിയുടെ നേതൃത്വത്തില്‍ ഇന്ത്യയും വിവിന്‍ റിച്ചാര്‍ഡ്‌സിന്റെ നായകത്വത്തില്‍ വെസ്റ്റ് ഇന്‍ഡീസും ഏറ്റുമുട്ടി. മത്സരത്തില്‍ ഇന്ത്യ ഒമ്പതു വിക്കറ്റിന് തോറ്റു. അന്ന് ക്യാപ്റ്റനായിരുന്ന രവിശാസ്ത്രി ഇന്ന് കോച്ചായി ഇന്ത്യന്‍ ടീമിനോപ്പമുണ്ട്.
















