തിരുവനന്തപുരം: സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷയില്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഫീര്‍ കരീം കോപ്പിയടിച്ച കേസില്‍ രണ്ടു മലയാളികളെ അറസ്റ്റു ചെയ്തു. തിരുവനന്തപുരം നിയോ അക്കാദമി മാനേജര്‍ മുഹമ്മദ് ഷരീബ്ഖാനെയും സ്ഥാപന ഉടമ ജംഷാദിനെയും കൊച്ചിയില്‍ നിന്നാണ് തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരേയും ചോദ്യം ചെയ്യലിനായി തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയി. സ്ഥാപനത്തിലെ കംപ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്‌ക് പൊലീസ് പിടിച്ചെടുത്തു.
സഫീറിന്റെ കൊച്ചിയിലെ ലാ എക്‌സലന്‍സ് ഐഎഎസ് അക്കാദമിയിലും അന്വേഷണ സംഘം പരിശോധന നടത്തി. അവിടെ നിന്നാണ് ജംഷാദിനെ അറസ്റ്റുചെയ്തത്. കേരള പിഎസ്‌സി, ഐഎസ്ആര്‍ഒ ജൂനിയര്‍ അസിസ്റ്റന്റ്, സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ എന്നിവയിലും സഫീര്‍ കരിം ക്രമക്കേട് കാട്ടിയതായി വിവരമുണ്ട്. സഫീറിന്റെ ഭാര്യ ജോയ്‌സി ജോയിയുടെ ലാപ്‌ടോപ്പില്‍ ഈ പരീക്ഷകളുടെ ചോദ്യപേപ്പറുകളുണ്ട്. സഫീറിന്റെ സഹോദരി ഐഎസ്ആര്‍ഒ ജൂനിയര്‍ അസിസ്റ്റന്റ് പരീക്ഷ ജയിച്ചിരുന്നു. ഇവരുടെ ഉത്തരക്കടലാസ് പരീക്ഷാ കണ്‍ട്രോളറോട് ചെന്നൈ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
തിരുവനന്തപുരത്തെ ലാ എക്‌സലന്‍സ് അക്കാദമി ഇക്കൊല്ലം ആദ്യം മറ്റൊരാള്‍ക്ക് സഫീര്‍ വിറ്റിരുന്നു. ഷര്‍ട്ടിന്റെ ബട്ടണില്‍ ഒളിപ്പിച്ച കാമറയിലൂടെ ചോദ്യപേപ്പറിന്റെ ചിത്രമെടുത്ത് ജിമെയിലിലെ ഓട്ടോമറ്റിക് സംവിധാനത്തിലൂടെ ഹൈദരാബാദിലുള്ള ഭാര്യയ്‌ക്ക് അയച്ചുകൊടുക്കുകയായിരുന്നു. ഉത്തരങ്ങള്‍ ചെവിയില്‍ ഘടിപ്പിച്ച ബ്ലൂടൂത്ത് വഴി കേട്ടെഴുതി. ജോയ്‌സി ഉത്തരങ്ങള്‍ പറഞ്ഞു കൊടുത്ത ഐപാഡും ഐഫോണും പൊലീസ് പിടിച്ചെടുത്ത് ശാസ്ത്രീയ പരിശോധനയ്‌ക്കയച്ചിട്ടുണ്ട്.
















