മാനന്തവാടി: മാവോ സംഘത്തില്‍ ചേര്‍ന്ന വനവാസി യുവതിയെ തിരിച്ചുവരാന്‍ അനുവദിക്കുന്നില്ലെന്നും കണ്ടെത്താന്‍ പോലീസ് ശ്രമിക്കുന്നില്ലെന്നും അമ്മയുടെ പരാതി.
ഒരു വര്‍ഷം മുമ്പാണ് വയനാട് തവിഞ്ഞാല്‍ മക്കിമല അത്തിമല കോളനിയിലെ ജിഷ മാവോസംഘത്തോടൊപ്പം ചേര്‍ന്നത്. മകളെ സംഘം വലയിലാക്കിയത് നിരന്തരം നടത്തിയ കോളനി സന്ദര്‍ശനത്തെ തുടര്‍ന്നാണെന്ന് ജിഷയുടെ അമ്മ അമ്മിണി പറയുന്നു.
എട്ടാം ക്ലാസ് വിദ്യാഭ്യാസമുള്ള മകളെ കോളനിയിലെത്തിയ മാവോ സംഘം സ്ഥിരമായി കാണാറുണ്ടായിരുന്നു. കോളനികളിലെ അടിസ്ഥാന സൗകര്യക്കുറവും വനവാസി വിഭാഗങ്ങളുടെ ദുരവസ്ഥയും ചൂണ്ടിക്കാട്ടിയാണ് മാവോവാദികള്‍ ആളുകളെ സ്വാധീനിക്കുന്നത്. ജിഷ താമസിക്കുന്ന കോളനിയിലുള്‍പ്പെടെ വീടില്ലാത്തവരും ജോലിയില്ലാത്തവരുമായി നിരവധി കുടുംബങ്ങളുണ്ട്.
മകള്‍ മാവോ സംഘത്തില്‍ ചേര്‍ന്ന ശേഷം രക്ഷപ്പെടാന്‍ സംഘം അനുവദിക്കില്ലെന്നും ഇനി തിരികെയില്ലെന്ന് പറഞ്ഞതായും അമ്മ പറഞ്ഞു. മകളെ കാണാതായത് സംബന്ധിച്ച് തലപ്പുഴ പോലീസില്‍ പരാതിപറഞ്ഞിരുന്നു.
ഇതിന് ശേഷം നിരവധി തവണ വീട്ടിലെത്തി വിവരം ശേഖരിച്ചതല്ലാതെ മകളെ കണ്ടെത്താന്‍ നടപടിയുണ്ടായിട്ടില്ല. നിലമ്പൂര്‍ ഏറ്റുമുട്ടലിന് ശേഷം മാവോയിസ്റ്റുകളെ നേരിടുന്നത് സംബന്ധിച്ച് പോലീസിലുള്ള ആശയക്കുഴപ്പമാണ് ഉള്‍വനത്തിലേക്ക് കയറി തിരച്ചിലുള്‍പ്പെടെയുള്ള അന്വേഷണങ്ങള്‍ക്ക് തടസ്സമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
















