ചെറുതോണി(ഇടുക്കി): പള്ളിയുടെ പേരില്‍ വ്യാജ രേഖയുണ്ടാക്കി വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ മധ്യവയസ്‌കനെതിരെ അന്വേഷണം. പെരുമ്പാവൂര്‍ സ്വദേശി മാഹിന്‍ സി.വിക്കെതിരെയാണ് വാഴത്തോപ്പ് പഞ്ചായത്ത് അധികൃതര്‍ ഇടുക്കി പോലീസില്‍ പരാതി നല്‍കിയത്.
സംഭവത്തെക്കുറിച്ച് പഞ്ചായത്ത് അധികൃതര്‍ പറയുന്നത് ഇങ്ങനെ: ഇടുക്കി രാജമുടി പതിനാറാംകണ്ടം സ്വദേശിനിയുമായാണ് മാഹിന്‍ കഴിഞ്ഞ ദിവസം പഞ്ചായത്ത് ഓഫീസില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ എത്തിയത്. പഞ്ചായത്തിന് സമീപത്തുള്ള മണിയാറന്‍കുടി മുസ്ലീം പള്ളിയില്‍വച്ച് വിവാഹം നടന്നു എന്ന സര്‍ട്ടിഫിക്കറ്റും ഇയാള്‍ ഹാജരാക്കി. വിവാഹ അപേക്ഷയിലെ സാക്ഷികള്‍ അപരിചിതരായതിനാല്‍ വിവാഹം നടന്നെന്ന് സാക്ഷ്യപ്പെടുത്തി സര്‍ട്ടിഫിക്കറ്റ് നല്‍കിയ മണിയാറന്‍കുടി മുസ്ലിം പള്ളി ഭാരവാഹികളെ വിളിച്ച് വിവരം അന്വേഷിച്ചു.
പള്ളിയില്‍വച്ച് ഇങ്ങനെ ഒരു വിവാഹം നടത്തിയിട്ടില്ല എന്ന് ഭാരവാഹികള്‍ പറഞ്ഞതോടെയാണ് വ്യാജ സര്‍ട്ടിഫിക്കറ്റാണ് മാഹിന്‍ ഹാജരാക്കിയതെന്ന് കണ്ടെത്തിയത്. സംഭവം ഒത്തുതീര്‍ക്കാന്‍ ശ്രമം നടന്നെങ്കിലും പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ വഴങ്ങിയില്ല. ഇടുക്കി പോലീസിന് ഇന്നലെ പരാതി നല്‍കി. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്ന് ഇടുക്കി എസ്‌ഐ മുരുകന്‍ ജന്മഭൂമിയോട് പറഞ്ഞു. ഇയാളുടെ വിവാഹത്തെക്കുറിച്ചും വ്യാജ രേഖയുണ്ടാക്കിയതിനെക്കുറിച്ചും വിശദമായി അന്വേഷണം നടത്തിവരികയാണ്.
















