കൃഷി ചിലവേറിയതെന്ന പരാതികള്‍ക്ക് മറുപടിയാണ് ഈ യുവകര്‍ഷകന്റെ സീറോ ബജറ്റ് ഫാം. മണ്ണിന്റെ സ്വഭാവികതയ്ക്ക് കോട്ടം തട്ടാതെ പരമ്പരാഗത ശൈലിയിലുടെയുള്ള ചിലവില്ലാ കൃഷി. അതാണ് കാട്ടാക്കട കള്ളിക്കാട് പെരിഞ്ഞാംകടവ് കളിയല്‍ വീട്ടില്‍ അനീഷിനെ (24) സീറോ ബജറ്റ് കൃഷിയിലെ ഹീറോയാക്കുന്നത്.
വെറ്ററിനറി സര്‍വകലാശാലയില്‍ നിന്നു ലഭിച്ച രണ്ട് വെച്ചൂര്‍ പശുക്കളെ ഉപയോഗിച്ചാണ് സീറോ ഫാമിങ് ആരംഭിച്ചത്. പശുവിന്റെ ചാണകം, ഗോമൂത്രം, പാല്, തൈര്, നെയ്യ് എന്നിവ ഉപയോഗിച്ച് ഉണ്ടാക്കുന്ന ജീവാമൃതം, ബീജാമൃതം, ഘന ജീവാമൃതം എന്നിവയാണ് ചിലവില്ലാ കൃഷിക്കുള്ള പ്രധാന ഘടകങ്ങള്‍. അനീഷ് സ്വന്തമായി വികസിപ്പിച്ചെടുത്ത ഈ ജൈവോത്പന്നങ്ങളാണ് സൂക്ഷ്മാണുക്കളെയും മറ്റും മണ്ണില്‍ പരിപോഷിപ്പിച്ച് നിര്‍ത്തുന്നത്.
നാടന്‍ പശുവിന്റെ ഔഷധഗുണമേറിയ വിസര്‍ജ്യങ്ങള്‍ക്ക് വിഷലിപ്തമായ മണ്ണിനെ ജീവസ്സുറ്റതാക്കി കൃഷിക്ക് പാകപ്പെടുത്തുമെന്ന് അനീഷ് പറയുന്നു. ഇങ്ങനെ പതം വരുത്തിയ ഭൂമിയില്‍ വിത്തെറിഞ്ഞാല്‍ നൂറുമേനി വിളവെടുക്കാമെന്നും ഈ അഭ്യസ്തവിദ്യനായ യുവാവ് സാക്ഷ്യപ്പെടുത്തുന്നു. നമുക്ക് ആവശ്യമുള്ളതെല്ലാം ഈ പ്രകൃതിയിലുണ്ട്, അത് പ്രയോജനപ്പെടുത്തണം. അതിലൂടെ ഉത്പാദനം വര്‍ധിപ്പിക്കാമെന്നും വിഷലിപ്തമായ ഭക്ഷണം ഒഴിവാക്കി ആരോഗ്യം സംരക്ഷിക്കാമെന്നും അനീഷ്.
കാട്ടിനുള്ളില്‍ ആരും വളപ്രയോഗം നടത്താറില്ല. കള കീടനാശിനികളും ഇല്ല. എന്നാല്‍ അവിടെ സകലതും പൂര്‍ണ്ണ ആരോഗ്യത്തോടെ വളരുന്നു. ദീര്‍ഘകാലം സമൃദ്ധമായ വിളവും നല്കുന്നു. ഇതിന്റെ രഹസ്യം മണ്ണിലുള്ള കോടിക്കണക്കിന് സൂഷ്മാണുക്കളും അവയോട് ചേര്‍ന്ന് വരുന്ന പരശ്ശതം ചെറുജീവികളും ആണെന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടു. കൃഷിയിടത്തില്‍ സൂക്ഷ്മാണുക്കളെയും ചെറു ജീവികളെയും കൊണ്ടു നിറച്ചാല്‍ നാട്ടിലും എന്തും സമൃദ്ധമായി വിളയിക്കാമെന്ന് കഴിഞ്ഞ ഒന്നര വര്‍ഷത്തെ അനീഷിന്റെ കൃഷി അനുഭവം പഠിപ്പിക്കുന്നു.
രണ്ടു വെച്ചൂര്‍ പശുക്കളാണ് അനീഷിന്റെ ഫാമില്‍ ആകെയുള്ളത്. ഇവറ്റകള്‍ക്ക് രാസവസ്തുക്കളുടെ മേമ്പൊടി ചേര്‍ത്ത തീറ്റകളൊന്നും നല്‍കാറില്ല. വീട്ടുമുറ്റത്തെയും തൊടിയിലേയും പുല്ലും ഭക്ഷണാവശിഷ്ടങ്ങളും ധാരാളം. നാഴിയുരിപാലിന്റെ നന്മയും കൃഷിയിടത്തിലേക്ക് ആവശ്യമുള്ള ജൈവവളവും ഇവ നല്‍കും.
മട്ടുപ്പാവിലും ഒരേക്കറിലധികമുള്ള സ്വന്തം ഭൂമിയിലുമാണ് അനീഷ് തന്റെ കൃഷി വിന്യസിച്ചിരിക്കുന്നത്. കരനെല്ല്, പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍, വിവിധ തരം കിഴങ്ങ് വര്‍ഗ്ഗങ്ങള്‍, ചോളം, മുതിര, കാണം, ഇറുങ്ങ് എന്നുവേണ്ട അനീഷിന്റെ കൃഷിഭൂമിയില്‍ ഇല്ലാത്തതായി ഒന്നുമില്ല. ടെക്നോപാര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ടെക്കികളുടെ ജൈവ കൂട്ടായ്മ നേരിട്ടെത്തിയാണ് അനീഷിന്റെ തോട്ടത്തില്‍ വിളയുന്നതൊക്കെ വില്‍പ്പനയ്ക്കായി കൊണ്ടു പോകൂന്നത്. വിഷമില്ലാത്ത മണ്ണില്‍ പാകപ്പെടുത്തി എടുക്കുന്ന വിഷരഹിത ഉത്പന്നങ്ങളായതിനാല്‍ നല്ല വിലയും ഇവര്‍ നല്‍കാറുണ്ടെന്ന് അനീഷ് പറയുന്നു.
കള്ളിക്കാട് കൃഷി ഓഫീസില്‍ നിന്നുള്ള സഹായം ഈ സീറോ ബജറ്റ് ഫാമിങ്ങിന്റെ വിജയത്തിന് പിന്നിലുണ്ടെന്ന് അനീഷ്. പഴമ ചോരാതെ ആധുനികത വിളക്കിച്ചേര്‍ത്ത ഈ ചിലവില്ലാ കൃഷി രീതി ജില്ലയില്‍ അനീഷല്ലാതെ മറ്റാരും പരീക്ഷിച്ചിട്ടില്ല. ബിഎ സൈക്കോളജി കഴിഞ്ഞ് കാര്‍ഷിക കോളേജില്‍ നിന്ന് അഗ്രികള്‍ച്ചര്‍ ഡിപ്ലോമ നേടിയതിനു ശേഷമാണ് കൃഷിയില്‍ വേറിട്ടൊരു ശൈലി പ്രയോഗിച്ചത്.
പരമ്പരാഗത കര്‍ഷക കുടുംബമായ കളിയല്‍ വീട്ടില്‍ അച്ഛന് സുരേഷ് കുമാറും അമ്മ സതിയും അനുജന് പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിയായ ആദര്‍ശും ചിലവില്ലാ കൃഷിയുടെ കണ്ണികളാണ്. ഇപ്പൊള്‍ സോയില്‍ കണ്‍സര്‍വേഷന്റെ ഡിപ്ലോമാ കോഴ്സ് ചെയ്യുകയാണ് അനീഷ്. പഠനത്തിനൊപ്പമാണ് കൃഷികാര്യങ്ങള്‍ക്കും അനീഷ് ശ്രദ്ധ നല്‍കുന്നത്. കള്ളിക്കാട് പഞ്ചായത്തിതിന്റെ ഈ വര്‍ഷത്തെ യുവകര്‍ഷകനുള്ള അവാര്‍ഡ് അനീഷിന്റെ വേറിട്ട കൃഷി രീതിക്കുള്ള അംഗീകാരമായി. കൃഷിയറിവുകളും പുത്തന്‍ രീതികളും മറ്റുള്ളവര്‍ക്ക് പറഞ്ഞു കൊടുക്കാനും അനീഷിന് സന്തോഷമേയുള്ളൂ.
ഫോണ്‍: 8281143781
പ്രതികരിക്കാൻ ഇവിടെ എഴുതുക: