മാനന്തവാടി: മാനന്തവാടിയില്‍ വനവാസി യുവതിയെ മാവോ സംഘം റിക്രൂട്ട് ചെയ്തു. പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗമാണ് ഇത് കണ്ടെത്തിയത്. കണ്ണൂര്‍-വയനാട് അതിര്‍ത്തിയിലെ തലപ്പുഴ മക്കിമല അത്തിമല കോളനിയിലെ തേന്‍കുറുമ വിഭാഗത്തില്‍പ്പെട്ട ദാമോദരന്റെ മകള്‍ ജിഷ(24)യെയാണ് സംഘത്തില്‍ ചേര്‍ത്തത്.
വിക്രംഗൗഡ നേതൃത്വം നല്‍കുന്ന കബനി ദളത്തിലാണ് ജിഷ. ഒരു വര്‍ഷമായി പെണ്‍കുട്ടി സംഘത്തിലുണ്ട്. അടുത്തിടെ യൂണിഫോം ധരിച്ച് ജിഷ കോളനിയില്‍ എത്തിയതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
തുലാപ്പത്തിന് ഉള്‍വനത്തില്‍ പ്രതീകാത്മക നായാട്ടിന് പോയ വനവാസികളും മാവോവാദികളെ കണ്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തണ്ടര്‍ബോള്‍ട്ട് വനമേഖലയില്‍ തിരച്ചില്‍ നടത്തി.മക്കിമല വനമേഖലയില്‍ ഇരുപതംഗ മാവോവാദി സംഘം ക്യാമ്പ് ചെയ്യുന്നതായി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് സുരക്ഷാഭീഷണി കണക്കിലെടുത്ത് തലപ്പുഴ പോലീസ് സ്‌റ്റേഷന്റെ ഉദ്ഘാടനത്തില്‍ നിന്ന് മാസങ്ങള്‍ക്ക് മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്‍വാങ്ങിയിരുന്നു. മക്കിമല, കമ്പമല, ചിറക്കര പ്രദേശങ്ങളില്‍ രൂപേഷിന്റെ നേതൃത്വത്തിലുളള സംഘം നിരവധി തവണ എത്തിയതായി സ്ഥിരീകരിച്ചിരുന്നു. ഈ സമയത്താണ് ജിഷയെ മാവോവാദി സംഘത്തിലേക്ക് റിക്രൂട്ട് ചെയ്യാനുള്ള ശ്രമം ആരംഭിച്ചത്.
രൂപേഷ് അറസ്റ്റിലായതോടെ നേതൃസ്ഥാനം ഏറ്റെടുത്ത വിക്രംഗൗഡയാണ് പെണ്‍കുട്ടിയെ റിക്രൂട്ട് ചെയ്ത് ആയുധപരിശീലനം നല്‍കിയത്. ദാമോദരന്റെ മൂന്ന് പെണ്‍മക്കളില്‍ ഇളയവളാണ് ജിഷ.
മക്കിമല വനത്തില്‍ നിന്നും എളുപ്പത്തില്‍ ആറളം, കണ്ണവം, മാക്കൂട്ടം, തിരുനെല്ലി, കുടക് മലനിരകളിലേക്ക് കടക്കാം. ഇതാണ് മാവോവാദികള്‍ ഈ പ്രദേശത്ത് ക്യാമ്പ് ചെയ്യാന്‍ താല്‍പര്യപ്പെടുന്നത്.
















