തിരുവനന്തപുരം: അമ്മ മരിച്ചാല്‍ വീടിനടുത്തുള്ള പോലീസ് സ്റ്റേഷനില്‍ വിളിച്ച് ഉറപ്പിച്ചശേഷമേ അവധി നല്‍കൂ. ഭാര്യയ്‌ക്കോ കുഞ്ഞിനോ അസുഖം വന്നാല്‍ പോയി കാണാനാകില്ല. ഇത് ഇതരസംസ്ഥാന തൊഴിലാളികളുടെ ഗതികേടല്ല. അവധിയോ ആനൂകൂല്യങ്ങളോ ഇല്ലാതെ പോലീസിലെ ഉന്നതരുടെ അടുക്കളപ്പണിക്കും അടിമവേലയ്‌ക്കും വിധിക്കപ്പെട്ട ക്യാമ്പ് ഫോളോവേഴ്‌സ് തൊഴിലാളികളുടെതാണ്. പോലീസ് ക്യാമ്പുകളിലെ തൂപ്പ്, അലക്ക്, വെള്ളം കോരല്‍, പാചകം, ബാര്‍ബര്‍ തുടങ്ങിയ ജോലികള്‍ ചെയ്യുന്ന ഇവരുടെ അവസ്ഥ ഇതര സംസ്ഥാനതൊഴിലാളികളെക്കാള്‍ ദുരിതമാണ്.
പിഎസ്‌സി നേരിട്ടു നിയമിക്കുന്ന ഈ വിഭാഗത്തെ ഉദ്യോഗസ്ഥര്‍ അടിമകളായാണ് കാണുന്നത്. പോലീസ് സേനാവിഭാഗം എവിടെപ്പോയാലും അനുഗമിക്കേണ്ട ഇവരോട് കടുത്ത മനുഷ്യവകാശ ലംഘനമാണ് കാട്ടുന്നത്. സേവന-വേതന വ്യവസ്ഥ ഇല്ലാത്തതിനാല്‍ സ്ഥാനക്കയറ്റമോ മറ്റാനുകൂല്യങ്ങളോ ലഭിക്കാറില്ല. നൂറു പോലീസുകാര്‍ക്ക് പത്ത് ക്യാമ്പ് ഫോളോവേഴ്‌സ് എന്നാണ് കണക്ക്. എന്നാല്‍ 54,000 പോലീസുകാര്‍ക്ക് ഉള്ളത് 920 പേര്‍ മാത്രം.
ശമ്പള പരിഷ്‌കരണ കമ്മീഷന്‍ നിര്‍ദ്ദേശമനുസരിച്ചുള്ള അലവന്‍സുകള്‍ നല്‍കാറില്ല. മക്കളുടെ വിദ്യഭ്യാസത്തിന് ഓരോകുട്ടിക്കും ലഭിക്കേണ്ട 1500 രൂപ അലവന്‍സ് ഇവര്‍ക്ക് കിട്ടാക്കനിയാണ്. അവധിദിവസം ജോലിക്ക് കയറിയാല്‍ ഒരുദിവസത്തെ ശമ്പളം കിട്ടേണ്ടിടത്ത് ലഭിക്കുന്നത് 150 രൂപ. മുടിവെട്ടി ഷേവ് ചെയ്യുന്നതിനുള്ള 100 രൂപയില്‍ നാല്‍പതേ കിട്ടൂ. ആഹാരത്തിനുള്ള 500 ന് പകരം നല്‍കുന്നത് 180 രൂപ. മലയോരമേഖലയില്‍ ജോലിചെയ്യുമ്പോള്‍ കിട്ടേണ്ട 500 ല്‍ 200 ചിലപ്പോള്‍ കിട്ടും. നഗരപ്രദേശത്ത് ജോലിനോക്കുമ്പോള്‍ 750 മുതല്‍ 1050 വരെ നല്‍കണം. എന്നാല്‍ ലഭിക്കുന്നത് 250 നും 350 നും ഇടയില്‍. വര്‍ഷത്തില്‍ യൂണിഫോം അലവന്‍സ് 4000 രൂപയാണ്. ഇവര്‍ക്ക് 2000 പോലും കൃത്യമായി നല്‍കില്ല. സിഎഫ് അലവന്‍സ് 500 ആണെങ്കിലും 80 രൂപയെ നല്‍കൂ.
ശമ്പളത്തിന്റെ പത്തുശതമാനം തുക വീട്ടുവാടകയ്‌ക്ക് നല്‍കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ ഇവര്‍ക്ക് ലഭിക്കുന്നത് 350 നും 1680 നും ഇടയില്‍. ആഹാരം പാകംചെയ്ത് കഴിക്കുമ്പോള്‍ 500 രൂപ ലഭിക്കണം. 80 രൂപയെങ്കിലും കിട്ടിയാല്‍ ഭാഗ്യം. മലയോരമേഖയിലെ ജോലിക്ക് നല്‍കേണ്ട റിസ്‌ക് അലവന്‍സായ അടിസ്ഥാനശമ്പളത്തിന്റെ പത്തുശതമാനം, തണുപ്പ് പ്രദേശത്തേക്ക് കമ്പളി തുണികള്‍ക്കുള്ള 1000 രൂപ, കറണ്ട്, വെള്ളം, വാടക-300, യാത്രാബത്ത-500, പൊതുഅവധി ദിവസങ്ങളിലെ ജോലിക്ക് ഒരു ദിവസത്തെ ശമ്പളം തുടങ്ങിയവ ഇക്കൂട്ടര്‍ക്ക് നിഷിദ്ധമാണ്.
അലവന്‍സൊന്നും കൃത്യമായി നല്‍കില്ലെങ്കിലും ജോലിക്കുമാത്രം കുറവില്ല. പോലീസിലെ എല്ലാ സുരക്ഷാഗ്രൂപ്പുകള്‍ക്കൊപ്പവും ഇവര്‍ പോകണം. ശബരിമല സീസണ്‍ ആരംഭിച്ചാല്‍ അസുഖം വന്നാല്‍പ്പോലും അവധിയെടുക്കാനാകില്ല. പ്രശ്‌നബാധിത പ്രദേശങ്ങളില്‍ ബാരിക്കേഡുകള്‍ കൊണ്ടെത്തിക്കല്‍ മുതല്‍ സ്റ്റോറുകളില്‍ നിന്ന് സാധനങ്ങള്‍ ക്യാമ്പുകളില്‍ എത്തിക്കുന്നതും കോടികള്‍ ഫണ്ടുള്ള സ്റ്റുഡന്റ്‌സ് പോലീസ് ക്യാമ്പിന് വച്ചുവിളമ്പേണ്ടതും ഇക്കൂട്ടര്‍ തന്നെ. പുറമെയാണ് ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടുപണിയും. എന്തെങ്കിലും എതിര്‍പ്പ് പ്രകടിപ്പിച്ചാല്‍ ക്രൂരമായ ശിക്ഷാനടപടികള്‍ക്ക് ഇരയാകും.
സേവനവ്യവസ്ഥ നടപ്പിലാക്കാനുള്ള നിവേദനത്തില്‍ മുഖ്യമന്ത്രി അനുകൂല തീരുമാനമെടുത്തെങ്കിലും പോലീസിലെ ഉന്നതര്‍ നടപ്പിലാക്കാന്‍ തയ്യാറായിട്ടില്ല. ഇവര്‍ക്ക് പ്രത്യേക പദവി അനുവദിക്കണമെന്ന കേരള അഡ്മിനസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ നല്‍കിയ ഉത്തരവും സര്‍ക്കാര്‍ ചെവിക്കൊണ്ടിട്ടില്ല.
ക്യാമ്പ് ഫോളോവേഴ്‌സ് അസോസിയേഷന്‍ സമരത്തിന്
തിരുവനന്തപുരം: സേവന-വേതന വ്യവസ്ഥകള്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കേരള പോലീസ് ക്യാമ്പ് ഫോളോവേഴ്‌സ് അസോസിയേഷന്‍ സമരത്തിനൊരുങ്ങുന്നു. തൊഴില്‍ പീഡനങ്ങള്‍ നിര്‍ത്തലാക്കുക, വിവേചനവും അടിമത്തവും അവസാനിപ്പിക്കുക, പൊതുഅവധികള്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ആദ്യപടിയായി ആറിന് സെക്രട്ടേറിയേറ്റിന് മുന്നില്‍ ധര്‍ണ നടത്തും. തുടര്‍ന്നും സര്‍ക്കാര്‍ നപടിയെടുത്തില്ലെങ്കില്‍ കുടുംബാംഗങ്ങളെ ഉള്‍പ്പെടുത്തി ജില്ലാ കളക്‌ട്രേറ്റുകള്‍, പോലീസ് ക്യാമ്പുകള്‍ എന്നിവയ്‌ക്ക് മുന്നില്‍ ധര്‍ണയും സംസ്ഥാനഭാരവാഹികള്‍ നിരാഹാര സമരവും നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
















