വിളപ്പില്‍: ക്യാഷ്‌കൗണ്ടറില്ല, സെയില്‍സ്മാനില്ല. വില്‍പ്പനയ്‌ക്കുള്ള സാധനങ്ങള്‍ നിരത്തിവച്ചിട്ടുണ്ട്. ആവശ്യക്കാര്‍ക്ക് കടയില്‍ കയറി സാധനങ്ങള്‍ തിരഞ്ഞെടുക്കാം. ഓരോ ഉത്പന്നങ്ങള്‍ക്കും മുകളില്‍ അതിന്റെ വില അടയാളപ്പെടുത്തിയിട്ടുണ്ട്. അരികിലായി നിക്ഷേപപെട്ടിയും. എടുക്കുന്ന സാധനങ്ങളുടെ വില കൃത്യമായി ഈ പെട്ടിയില്‍ നിക്ഷേപിക്കണമെന്നു മാത്രം. കാരണം ഈ കടയില്‍ സത്യമാണ് സാക്ഷി.
കേള്‍ക്കുന്നവര്‍ക്ക് ഒരുപക്ഷേ വിശ്വസിക്കാനാകില്ല. സംഗതി സത്യമാണ്. ഭാരതത്തില്‍ ആദ്യമായി കേരളത്തിന്റെ തലസ്ഥാനജില്ലയില്‍ ശാസ്തമംഗലത്താണ് ‘സത്യം’ എന്ന പേരില്‍ ഒരു കടയുള്ളത്. കഴിഞ്ഞ ഒരുവര്‍ഷമായി ദിവസേന തുറന്ന് പ്രവര്‍ത്തിക്കുന്ന ഈ കടയില്‍ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റിനു കീഴിലുള്ള സായിഗ്രാമത്തിലെ അന്തേവാസികള്‍ ഉണ്ടാക്കിയ ഉത്പന്നങ്ങള്‍. നിക്ഷേപപെട്ടിയില്‍ നിറയുന്ന നാണയതുട്ടുകള്‍ ചെന്നെത്തുന്നത് സായിഗ്രാമത്തിലേക്കും.
മണ്ണിലും മരത്തിലുമുണ്ടാക്കിയ കരകൗശലവസ്തുക്കള്‍, പാത്രങ്ങള്‍, പുസ്തകങ്ങള്‍, കീചെയിനുകള്‍ തുടങ്ങി നിരവധി സാധനങ്ങളാണ് സത്യം എന്ന ഒറ്റമുറി കടയില്‍ വില്‍പ്പനയ്‌ക്കുള്ളത്. ‘ഇവിടെ നിന്ന് എന്ത് നഷ്ടപ്പെട്ടാലും അനാഥരുടേത്, എന്ത് കിട്ടിയാലും അനാഥാലയത്തിന്. ഈ കട നിങ്ങളിലെ സത്യം അളക്കുവാനുള്ള തെര്‍മോമീറ്ററാണ്.’ കടയ്‌ക്കുള്ളിലെ ചുവരില്‍ ഇങ്ങനെ കുറിച്ചിട്ടിരിക്കുന്നു. ഈ വാക്കുകള്‍ വായിക്കുന്നതോടെ കടയില്‍ കയറുന്ന ആരും സത്യത്തിന്റെ കാവലാളായി മാറും. കഴിഞ്ഞ ഒരുവര്‍ഷത്തെ വില്‍പ്പന പരിശോധിക്കുമ്പോള്‍ ലാഭമല്ലാതെ നയാപൈസയുടെ നഷ്ടം സായിഗ്രാമത്തിനില്ലെന്ന് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കെ.എന്‍. ആനന്ദകുമാര്‍ പറയുന്നു. ആരും കാവലില്ലാതെ സദാ തുറന്നിട്ടിരിക്കുന്ന കടയില്‍ നിന്ന് ഇതുവരെ ഒന്നും മോഷ്ടിക്കപ്പെട്ടിട്ടുമില്ല. കാരണം ഇവിടെ സത്യം സാക്ഷിയാണ്.
















