തിരുവനന്തപുരം: ജീവിക്കാന്‍ സൗകര്യങ്ങള്‍ ഒരുക്കേണ്ടത് ഭരിക്കുന്നവരുടെ കടമയാണെന്ന് ബിജെപി സീനിയര്‍ സെല്‍ സംസ്ഥാന കണ്‍വീനര്‍ കെ. രാമന്‍പിള്ള. ക്ഷേമപെന്‍ഷനുകള്‍ സര്‍ക്കാര്‍ തടഞ്ഞ് വയ്‌ക്കുന്നതിനെതിരെ ബിജെപി സീനിയര്‍സെല്‍ നടത്തിയ സെക്രട്ടേറിയറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യത്വമില്ലാത്ത സര്‍ക്കാരാണ് ഇപ്പോഴുള്ളതെന്നും ജീവിതാവസാനത്തില്‍ ഒരാളും പട്ടിണികിടന്ന് മരിക്കാന്‍ സര്‍ക്കാര്‍ അവസരമുണ്ടാക്കരുതെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്ആര്‍ടിസിയുടെ പെന്‍ഷന്‍ ചോദിക്കുമ്പോള്‍ വാഗ്ദാനങ്ങള്‍ നല്‍കുന്ന മന്ത്രിയുടെ ഇപ്പോഴത്തെ അവസ്ഥ കയ്യാലപുറത്തെ തേങ്ങപോലെയാണെന്ന് കെഎസ്ടി പെന്‍ഷണേഴ്‌സ് സംഘം സംസ്ഥാനപ്രസിഡന്റ് ഗോപിനാഥന്‍ നായര്‍ പറഞ്ഞു. മൂന്ന് മാസത്തെ പെന്‍ഷന്‍ കുടിശിക ഇപ്പോഴും കിട്ടാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കെഎസ്ആര്‍ടിസി പെന്‍ഷന്‍ സര്‍ക്കാര്‍ ഏറ്റെടുത്തു നടപ്പാക്കുക, ക്ഷേമ പെന്‍ഷന് അപേക്ഷിക്കാനുള്ള അവസരം പുനഃസ്ഥാപിക്കുക, ക്ഷേമപെന്‍ഷന്‍കാര്‍ക്ക് സര്‍ക്കാര്‍ പെന്‍ഷന്‍കാര്‍ക്കൊപ്പം ഡിഎ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ. ജില്ലാ കണ്‍വീനര്‍ രാമചന്ദ്രന്‍, ജില്ലാ സഹ.കണ്‍വീനര്‍ കോവളം രാമചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
















