ന്യൂദല്‍ഹി: ഇരുപതോവര്‍ കളത്തില്‍ നില്‍ക്കുമ്പോള്‍ എതിരെയുള്ളത് കിവിപ്പക്ഷികളെങ്കില്‍ ഇന്ത്യ ഒന്നു വിറയ്‌ക്കും. ന്യൂദല്‍ഹിയിലെ ഫിറോസ് ഷാ കോട്‌ലയില്‍ ഇന്ന് ആശിഷ് നെഹ്‌റയുടെ വിടവാങ്ങല്‍ മത്സരത്തിനിറങ്ങുമ്പോഴും ഈ ചങ്കിടിപ്പുണ്ടാകും വിരാട് കോഹ്‌ലിക്കും കൂട്ടര്‍ക്കും. കാരണം, ട്വന്റി20യില്‍ ഇന്ത്യക്ക് ഒരിക്കലും തോല്‍പ്പിക്കാനാകാത്ത ടീമാണ് ന്യൂസിലന്‍ഡ്.
ട്വന്റി20യില്‍ ന്യൂസിലന്‍ഡിനെതിരെ ആറു കളികളില്‍ അഞ്ചിലും ഇന്ത്യ തോറ്റു. ഒരെണ്ണം മഴയില്‍ ഒലിച്ചുപോയി. 2007ല്‍ ആദ്യ ട്വന്റി20 ലോകകപ്പിലാണ് ഈ ടീമുകള്‍ ആദ്യം മുഖാമുഖമെത്തുന്നത്. അന്നത്തെ തോല്‍വി 10 റണ്‍സിന്. കഴിഞ്ഞ വര്‍ഷം നാഗ്പ്പൂരില്‍ 47 റണ്‍സിന് തോറ്റത് തുടരെ ഏഴു ജയങ്ങള്‍ക്കു ശേഷം. അന്ന് 127 റണ്‍സില്‍ കിവികളെ ഒതുക്കിയിട്ടും ജയിക്കാനായില്ല. അതിനിടെ, 2012ല്‍ ചെന്നൈയില്‍ ഒരു റണ്ണിന് തോറ്റതാണ് അവസാനം വരെ പോരാടിയെന്ന് വീമ്പു പറയാവുന്നത്.
പരമ്പരയില്‍ നേട്ടമുണ്ടാക്കിയാല്‍ ട്വന്റി20 റാങ്കിങ്ങില്‍ ഇന്ത്യക്ക് രണ്ടാം സ്ഥാനത്തേക്കുയരാം. റാങ്കിങ്ങില്‍ നിലവിലെ ഒന്നാം സ്ഥാനക്കാരാണ് ന്യൂസിലന്‍ഡ്, 125 പോയിന്റ്. കഴിഞ്ഞയാഴ്ച സമാപിച്ച ശ്രീലങ്കയ്‌ക്കെതിരായ മൂന്നു മത്സര പരമ്പര തൂത്തുവാരിയ പാക്കിസ്ഥാന്‍ 124 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. ഇവിടെ തോറ്റാല്‍ ഒന്നാംസ്ഥാനം അടിയറ വയ്‌ക്കേണ്ടി വരും. 116 പോയിന്റുള്ള ഇന്ത്യ അഞ്ചാം സ്ഥാനത്താണ്.
പോരാടാനുറച്ച്
ഏകദിന പരമ്പര സമ്മാനിച്ച ആവേശം ട്വന്റി20യിലും തുടരുക ഇന്ത്യയുടെ ലക്ഷ്യം. അന്ന് ഹീറോയായ ജസ്പ്രീത് ബുംറയുടെ മികവാണ് ഇന്ത്യയുടെ പ്രതീക്ഷ. ഐസിസി ഏകദിന റാങ്കിങ്ങില്‍ ബൗളര്‍മാരില്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്ന ബുംറ, ട്വന്റി20യില്‍ ഒന്നാമതാണ്. ഓപ്പണിങ്, ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റായ ബുംറയില്‍ ഏറെ പ്രതീക്ഷയുണ്ട് വിരാടിന്.
ഭുവനേശ്വര്‍ കുമാര്‍, ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ, ലെഗ്‌സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ ബൗളിങ് നിരയില്‍ കരുത്തായുണ്ട്. യുവതാരം മുഹമ്മദ് സിറാജ് പുതുമുഖം. വിരാട് കോഹ്‌ലി, ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, ദിനേശ് കാര്‍ത്തിക്, എം.എസ്. ധോണി എന്നിവര്‍ക്കു പുറമെ ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, കെ.എല്‍. രാഹുല്‍ തുടങ്ങിയവരും ബാറ്റിങ്ങിലെ കരുത്ത്. ഏകദിന പരമ്പര നേടിയ ടീമിനെ അതേപടി നിലനിര്‍ത്താനാണ് സാധ്യത.
വന്‍ അടിക്കാരുടെയും ഓള്‍റൗണ്ടര്‍മാരുടെയും സാന്നിധ്യമാണ് കിവികളെ അപകടകാരികളാക്കുന്നത്. നായകന്‍ കെയ്ന്‍ വില്യംസണ്‍ തന്നെ ബാറ്റിങ് നിരയ്‌ക്ക് കരുത്തു നല്‍കുന്നു. ഏകദിനത്തില്‍ തിളങ്ങിയ കോളിന്‍ മണ്‍റോ, ടോം ലഥം എന്നിവരും കൂട്ടിനുണ്ട്. ടിം സൗത്തി, മിച്ചല്‍ സാന്റ്‌നര്‍, ട്രെന്റ് ബൗള്‍ട്ട് എന്നിവര്‍ ബൗളങ്ങിലെ സാന്നിധ്യം. വലിയ സ്‌കോറുകള്‍ കണ്ടെത്തുന്ന ബാറ്റിങ് നിരയും അവര്‍ വീണാല്‍ ഉത്തരവാദിത്വമേല്‍ക്കുന്ന ബൗളര്‍മാരുമാണ് മുന്‍പ് ജയിക്കാവുന്ന കളികള്‍ വരെ ഇന്ത്യയില്‍ നിന്ന് തട്ടിയെടുത്തത്.
















