ചിറയിന്‍കീഴ്: കടയ്‌ക്കാവൂര്‍, അഞ്ചുതെങ്ങ്, അഴൂര്‍, പെരുങ്ങുഴി, വക്കം, കിഴുവിലം മേഖലയില്‍ കഞ്ചാവിന്റെ ഉപയോഗം വ്യാപകമാവുന്നു. നാട്ടില്‍ നല്ല സ്വഭാവക്കാരായി അറിയപ്പെട്ടിരുന്നവരും പഠനത്തില്‍ മികവു പുലര്‍ത്തിയിരുന്നവരുമായ നിരവധി വിദ്യാര്‍ത്ഥികളില്‍ അലസതയും അക്രമവാസനയും പെരുകുന്നതിന് കാരണം കഞ്ചാവിന്റെ അമിതമായ ഉപയോഗമാണെന്നാണ് പഠനങ്ങളില്‍ നിന്നറിയാനാകുന്നത്. ഇപ്പോള്‍ ഈ ശീലങ്ങളൊന്നും വച്ചുപുലര്‍ത്താത്തവര്‍ പോലും കഞ്ചാവിന്റെ അടിമകളായി മാറിയിരിക്കുകയാണ്. പ്രശ്‌നം രൂക്ഷമായതോടെ രക്ഷിതാക്കള്‍ ആശങ്കയിലാണ്. ഇടനിലക്കാരായ യുവാക്കള്‍ വഴിയാണ് ഇവിടെ കഞ്ചാവിന്റെ ഉപയോഗം നടക്കുന്നത്. എവിടെ നിന്നാണ് കഞ്ചാവ് കൊണ്ടുവരുന്നതെന്ന് കൃത്യമായി അറിയില്ലെങ്കിലും നഗരങ്ങള്‍ കേന്ദ്രീകരിച്ചശേഷം ഗ്രാമങ്ങളിലെ ഇടത്താവളങ്ങളില്‍ എത്തിക്കുന്നതായാണ് ലഭിച്ച വിവരം. ഇതിനു പുറമേ ട്രെയിന്‍ മാര്‍ഗവും ഈ ഭാഗത്തേക്ക് കഞ്ചാവ് എത്തുന്നുണ്ട്. പാന്‍പരാഗ്, ശംഭു തുടങ്ങിയ പുകയില ഉത്പന്നങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതും കഞ്ചാവിന്റെ ഉപയോഗം വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പോലീസ് – എക്‌സൈസ് അടക്കമുള്ള അധികൃതരുടെ അന്വഷണം ഊര്‍ജിതമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ആദ്യം സൗജന്യമായി നല്‍കിയാണ് ഇടനിലക്കാര്‍ കുട്ടികളെ വലയിലാക്കുന്നത്. വലയിലാകുന്ന കുട്ടികളെ ഉപയോഗിച്ച് അവരുടെ സുഹൃത്തുക്കളെ കണ്ടെത്തിയാണ് അവരുടെ ശൃംഖല വ്യാപിപ്പിക്കുന്നത്. കുടുംബപ്രശ്‌നവുമായി ബന്ധപ്പെട്ട് വിഷമത്തിലിരിക്കുന്ന കുട്ടികളെയും മയക്കുമരുന്നിന്റെ ഇടനിലക്കാര്‍ പ്രത്യേകം നോട്ടമിട്ട് വലയിലാക്കും. പഠിക്കാന്‍ പോകുന്ന മക്കള്‍ കഞ്ചാവിന്റെ ലഹരിക്ക് അടിപ്പെടുമോയെന്നോര്‍ത്ത് പല രക്ഷിതാക്കളും ഭയപ്പാടിലാണ്. കഞ്ചാവിന്റെ ഉപയോഗം പെരുകുന്ന സാഹചര്യത്തില്‍ കൂടുതല്‍ കുട്ടികള്‍ ഇതിനടിമകളാകും. വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ നിന്നും വരുന്ന സമയവും, സ്‌കൂളില്‍ പോകുന്ന സമയവും നോക്കിവച്ച ശേഷം ആ സമയം അവിടെ കറങ്ങിനടക്കുകയും, കുട്ടികളെ എന്തെങ്കിലും പറഞ്ഞ് വശത്താക്കുകയുമാണ്പതിവ് എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഈ മേഖലകളില്‍ പോലീസ് പെട്രോളിംഗ് നടത്തണമെന്നും വില്‍പ്പനക്കാരെ കണ്ടെത്തണമെന്നുമാണ് രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ആവശ്യം.
















