പന്മന: കെഎംഎംഎലിലെ എംസ് യൂണിറ്റിലേക്കുള്ള ഇരുമ്പുനിര്‍മ്മിത നടപ്പാലത്തിന്റെ ഫൗണ്ടേഷന്റ ബലക്ഷയമാണ് മൂന്നുപേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന് കാരണമായത്. രണ്ടടി താഴ്ചയില്‍ നിര്‍മ്മിച്ച ഫൗണ്ടേഷന്‍ കൂടുതല്‍ ആളുകള്‍ പ്രവേശിച്ചതോടെ ഇളകി മറിയുകയായിരുന്നു.
2004ല്‍ നിര്‍മ്മിച്ച പാലത്തില്‍ ഉപ്പ് കലര്‍ന്ന കടല്‍വെള്ളം പതിച്ച് ദ്രവിച്ച നിലയിലായിരുന്നു. സമരക്കാര്‍ ഉള്‍പ്പെടെ നൂറോളം ആളുകള്‍ പാലത്തില്‍ കയറിയിട്ടും തടയാന്‍ സുരക്ഷ ജീവനക്കാര്‍ ശ്രമിക്കാത്തതും അപകടത്തിന് ആക്കംകൂട്ടി. അതിനിടെ പാലം പൂര്‍ണ്ണമായും മാറ്റി പുതിയത് നിര്‍മ്മിക്കാന്‍ നടപടി സ്വീകരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായതെന്ന് കെഎംഎംഎല്‍ എംഡി റോയികുര്യന്‍ പറഞ്ഞു. സമരത്തിനെത്തിയ ഇരുനൂറില്‍പരം ആളുകള്‍ ഒരേസമയം പാലത്തില്‍ കടന്നതിനാലാണ് അപകടം ഉണ്ടായത്. പാലത്തിന് കാലപ്പഴക്കം ഉണ്ടെങ്കിലും സമായാസമയങ്ങളില്‍ നവീകരണ ജോലികള്‍ നടത്തിയിരുന്നു. അപകടത്തില്‍ കമ്പനിതല അന്വേഷണം നടത്തുമെന്നും എംഡി അറിയിച്ചു.
















