ബെയ്‌സല്‍: സ്വിസ് ഓപ്പണ്‍ ടെന്നീസ് കിരീടത്തില്‍ റോജര്‍ ഫെഡറര്‍ എട്ടാമതും മുത്തമിട്ടു. അര്‍ജന്റീനയുടെ ജുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പോട്രോയെ ഫൈനലില്‍ പരാജയപ്പെടുത്തിയപ്പോള്‍ സ്വിസ് താരത്തിന് അതു മധുരപ്രതികാരം.
2012ലും 2013ലും ഫെഡററെ പരാജയപ്പെടുത്തി പാട്രോ സ്വിസ് ഓപ്പണ്‍ സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഇത്തവണ ടൈബ്രേക്കര്‍ വരെയെത്തിയ ആദ്യ സെറ്റ് കൈവിട്ടതിനു ശേഷമായിരുന്നു ഫെഡററിന്റെ തിരിച്ചു വരവ്. 6-7, 6-4, 6-3ന് മുന്‍ ഒന്നാം നമ്പര്‍ താരം കിരീടമുറപ്പിച്ചു.
മുപ്പത്താറുകാരനായ ഫെഡററിന്റെ എട്ടാം സ്വിസ് ഓപ്പണ്‍ കിരീടമാണിത്, ഈ വര്‍ഷത്തെ ഏഴാം ടൂര്‍ണമെന്റ് വിജയവും. എന്നാല്‍ അടുത്തയാഴ്ചത്തെ പാരീസ് ഓപ്പണില്‍ നിന്നു താന്‍ പിന്മാറുകയാണെന്ന് ഫെഡറര്‍ പറഞ്ഞു.
















