ദുബായ്: ലോകത്തിലെ ഏറ്റവും മികച്ച ഏകദിന ബാറ്റ്‌സ്മാന്‍ എന്ന സ്ഥാനം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി തിരിച്ചുപിടിച്ചു. ദക്ഷിണാഫ്രിക്കയുടെ എ.ബി.ഡിവില്ലിയേഴ്‌സില്‍ നിന്നാണ് കോഹ്‌ലി ഒന്നാം റാങ്ക് നേടിയെടുത്തത്. ന്യൂസിലന്‍ഡിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ രണ്ടു സെഞ്ചുറികള്‍ നേടിയ കോഹ്‌ലി ഇന്ത്യയ്‌ക്ക് പരമ്പര വിജയം സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു.
പത്ത് ദിവസം മുന്‍പ് തന്റെ കൈയില്‍ നിന്നും ഡിവില്ലിയേഴ്‌സ് നേടിയെടുത്ത ഒന്നാം റാങ്ക് തിരിച്ചുപിടിച്ച് ഇന്ത്യന്‍ നായകന്‍ മധുരപ്രതികാരം വീട്ടി. പരന്പരയില്‍ മികച്ച പ്രകടനം നടത്തിയ ഓപ്പണര്‍ രോഹിത് ശര്‍മ റാങ്കിംഗില്‍ ഏഴാം സ്ഥാനത്ത് തുടരുകയാണ്.
സമീപകാലത്തെ ഇന്ത്യയുടെ ഏകദിന വിജയങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച പേസ് ബൗളര്‍ ജസ്പ്രീത് ബുംറ ബൗളര്‍മാരുടെ പട്ടികയില്‍ മൂന്നാം റാങ്കിലെത്തി. ബുംറയുടെ കരിയര്‍ ബെസ്റ്റ് റാങ്കാണിത്. ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ ഇമ്രാന്‍ താഹിറാണ് ബൗളര്‍മാരുടെ പട്ടികയിലെ ഒന്നാമന്‍. പാക്കിസ്ഥാന്‍ പേസര്‍ ഹസന്‍ അലി രണ്ടാം സ്ഥാനത്തുണ്ട്. ഇടംകൈയന്‍ സ്പിന്നര്‍ അക്ഷര്‍ പട്ടേലാണ് ബൗളര്‍മാരുടെ പട്ടികയില്‍ ആദ്യ പത്തില്‍ സ്ഥാനം പിടിച്ച മറ്റൊരു ബൗളര്‍.
















