നെയ്യാറ്റിന്‍കര: മാനവസേവയാണ് ഭാരതദര്‍ശനത്തിന്റെ മുഖമുദ്രയെന്ന് ജീവിത ദര്‍ശനത്തിലൂടെ കാട്ടിതന്ന ഭഗിനി നിവേദിതയുടെ 151-ാം ജയന്തി ആഘോഷം നിവേദിതം 2017എന്ന പേരില്‍ ബാലഗോകുലം തിരുവനന്തപുരം ജില്ലാസമിതിയുടെ ആഭിമുഖ്യത്തില്‍ നടന്നു.
സമൂഹത്തിലെ ദുഷ്പ്രവണതകള്‍ക്കെതിരെ ഭഗിനി നിവേദിത ഓരോ ഭാരതീയ യുവതികളുടെയും മനസ്സിലും പ്രവൃത്തിയിലുമാണ് കുടികൊള്ളേണ്ടതെന്ന് ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്ത കൊടുങ്ങല്ലൂര്‍ വിവേകാനന്ദ മിഷന്‍ വേദിക് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഡോ എം. ലക്ഷ്മി കുമാരി പറഞ്ഞു. ഭാരതത്തിന്റെ ആധ്യാത്മികചിന്തകള്‍ക്ക് മാര്‍ഗംദര്‍ശം പകരുന്നതാണ് നിവേദിതയുടെ ചിന്തയും പ്രവൃത്തിയും. നമ്മുടെ സംസ്‌കൃതിയെ തകര്‍ക്കുന്നതിനുള്ള ശ്രമം ആസൂത്രിതമായി നടക്കുന്നു. വിദ്യാര്‍ഥിനികള്‍ ഇത് തിരിച്ചറിയണമെന്നും ലക്ഷ്മി കുമാരി പറഞ്ഞു. ബാലഗോകുലം ഗ്രാമജില്ല ഭഗിനിപ്രമുഖ് കുമാരി സിന്ധു അധ്യക്ഷതവഹിച്ചു. സംസ്ഥാന പൊതുകാര്യദര്‍ശി ആര്‍. പ്രസന്നന്‍, സംസ്ഥാന കാര്യദര്‍ശി വി. ഹരികുമാര്‍ എന്നിവര്‍ സംസാരിച്ചു.
ഹയര്‍ സെക്കന്ററി ബിരുദ, ബിരുദാനന്തര തലങ്ങളില്‍ പഠിക്കുന്ന ആയിരത്തിലധികം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. നാം അറിയേണ്ട സ്ത്രീത്വ സങ്കല്പം എന്ന വിഷയത്തില്‍ തിരുവനന്തപുരം ഗവണ്‍മെന്റ് കോളേജ് ഓഫ് ടീച്ചര്‍ എജ്യുക്കേഷന്‍ റിട്ട. പ്രിന്‍സിപ്പാള്‍ ഡോ എസ്. ശ്രീദേവി ക്ലാസെടുത്തു. വൈകിട്ട് നിവേദിത വേഷധാരികളെ അണിനിരത്തി നിവേദിത ജയന്തി സന്ദേശയാത്ര നടത്തി. നൂറ്റി അമ്പത്തിഒന്നാം ജന്മദിനം അനുസ്മരിച്ച് നൂറ്റി അമ്പത്തി ഒന്ന് ദീപങ്ങള്‍ തെളിയിച്ചു. സമാപന പരിപാടികള്‍ ഗാന്ധിയന്‍ പി. ഗോപിനാഥന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ബാലഗോകുലം അന്താരാഷ്‌ട്രാ സംയോജകന്‍ എന്‍.ഹരീന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ അധ്യക്ഷന്‍ മുണ്ടനാട് സുരേഷ്, രക്ഷാധികാരി രാജേന്ദ്രബാബു, ജില്ലാ കാര്യദര്‍ശി ഉദയന്‍ കൊക്കൊട് എന്നിവര്‍ സംസാരിച്ചു.
















