തിരുവനന്തപുരം: ‘എത്രയും ബഹുമാനപ്പെട്ട എന്റെ പ്രിയ ഭര്‍ത്താവു വായിക്കുവാന്‍’ ദുബായ് കത്തുപാട്ടിന്റെ ഈണത്തിലുള്ള ഈ ചലച്ചിത്രഗാനം അങ്ങനെ മറക്കാന്‍ കഴിയില്ല. എന്നാല്‍ സന്ദേശങ്ങള്‍ കുറിമാനമായി പ്രിയമുള്ളവരെ തേടിയെത്തുന്ന നാളുകള്‍ ചരിത്രത്തിലേക്കുള്ള പ്രയാണത്തില്‍. തപാല്‍പെട്ടികള്‍ മിക്ക കവലകളില്‍ നിന്നും സ്ഥാനമൊഴിഞ്ഞു.
ഒരു കത്തിനുള്ള മറുപടിക്കത്ത്, അതിനുള്ള മറുപടി… അങ്ങനെ ഒരിക്കലും മുറിയാത്ത ചങ്ങലകളില്‍ കോര്‍ത്തായിരുന്നു ഓരോ കത്തിന്റെയും യാത്ര. അതില്‍ പരിഭവം, പിണക്കം, ആവശ്യങ്ങള്‍ ഒക്കെയുണ്ടാകും. പക്ഷേ, എല്ലാറ്റിനുമപ്പുറം നെഞ്ചോടു ചേര്‍ത്തുവച്ച സ്‌നേഹം കൊണ്ടാണ് ഓരോ കത്തും കവറിലിട്ട് ഒട്ടിച്ചിരുന്നത്.
ലാന്‍ഡ്‌ഫോണാണ് ആദ്യം കത്തിനെ കുത്തിയത്. ലാന്‍ഡ് ഫോണിനുശേഷം ഇ-മെയില്‍ വന്നു. അതോടെ ഭൂരിഭാഗം സന്ദേശങ്ങളും അറിയിപ്പുകളും അതുവഴിയായി. കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ ശേഷിയില്ലാതിരുന്ന വലിയൊരുവിഭാഗം അപ്പോഴും കത്തുകളെ തന്നെ ആശ്രയിച്ചിരുന്നു. സ്മാര്‍ട്ട് ഫോണിന്റെയും വാട്‌സ്ആപ്പിന്റെയുമൊക്കെ കാലമായി. ഇതോടെ കത്തിന്റെ കാര്യത്തില്‍ ഏറക്കുറെ തീരുമാനമായി.
സ്‌നേഹത്തോടെയും സന്തോഷത്തോടെയും വായിച്ചിരുന്ന കത്തുകള്‍ക്ക് പകരം ഇന്ന് നെഞ്ചിടിപ്പോടെയാണ് ചിലരെങ്കിലും കത്തുകള്‍ വായിക്കുന്നത്. കാരണം ജപ്തിനോട്ടീസും പെറ്റി നോട്ടീസും ഫോണ്‍ ബില്ലുമാണ് കൂടുതലും വരുന്നത്. വര്‍ഷങ്ങള്‍ കഴിയുന്തോറും കത്തുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം കുറയുന്നു.
പോസ്റ്റല്‍ സര്‍വീസ് രൂപം കൊള്ളുന്നതിനുമുമ്പ് തിരുവിതാംകൂര്‍, കൊച്ചി നാട്ടുരാജ്യങ്ങളില്‍ ഉണ്ടായിരുന്ന തപാല്‍ സമ്പ്രദായമായിരുന്നു അഞ്ചല്‍. കാക്കിഉടുപ്പും തലയില്‍ ചുവന്ന കരയുള്ള തൊപ്പിയുമിട്ട് വരുന്ന അഞ്ചലോട്ടക്കാരനെ പറ്റി നമുക്ക് കേട്ടറിവ് മാത്രം.
















