ഗുജറാത്തിലാണ് 1824-ല്‍ ആര്യസമാജ സ്ഥാപകനായ സ്വാമി ദയാനന്ദസരസ്വതി ജനിച്ചത്. മൂലശങ്കര്‍ എന്നായിരുന്നു കുട്ടിക്കാലത്തെ പേര്. അച്ഛന്‍ അംബാശങ്കര്‍ ധനികനായിരുന്നു. കുട്ടിക്കാലത്തുതന്നെ വേദങ്ങള്‍ – വിശേഷിച്ചും യജുര്‍വേദം – പഠിച്ചു. വിഗ്രഹാരാധനയും ജാതിയും അയിത്തവുമൊക്കെ തികച്ചും തെറ്റാണെന്ന് അന്നുമുതല്‍ക്കേ തോന്നി.
ഇതിനിടെ തന്റെ സഹോദരി കോളറ പിടിച്ചു മരിച്ചു. അമ്മാവനും മരിച്ചു. ബന്ധുക്കളുടെ ആചാരക്കരച്ചില്‍ മൂലശങ്കറിനെ അരിശം കൊള്ളിച്ചു. യാഥാസ്ഥിതികത്വത്തിനും അനാചാരങ്ങള്‍ക്കുമെതിരെ പോരാടാനുള്ള പ്രേരണ ഇതായിരുന്നു. സംസ്‌കൃതം, ശാസ്ത്രങ്ങള്‍, വേദാന്തം, ഹിന്ദുമതാചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍ എന്നിവയില്‍ ദയാനന്ദ സരസ്വതി പണ്ഡിതനായിരുന്നു. സമൂഹത്തില്‍ അന്ന് നിലനിന്നിരുന്ന അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും ഇല്ലായ്‌മ ചെയ്യുവാനായി അദ്ദേഹം അനവരതം പ്രയത്‌നിച്ചു.
വേദസൂക്തങ്ങള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കുകയും, അന്ധവിശ്വാസങ്ങള്‍ തുടച്ചുനീക്കുകയും ചെയ്താല്‍ മാത്രമേ ഹിന്ദുമതത്തിന്റെ നവോത്ഥാനം സാധ്യമാവുകയുള്ളൂ എന്ന് അദ്ദേഹം വിശ്വസിച്ചു. 1875-ല്‍, വേദങ്ങളുടെ മഹത്വവും പുരോഗമനാശയപ്രചാരണവും ലക്ഷ്യമാക്കി ആര്യസമാജം ആരംഭിച്ചു. സ്ത്രീസ്വാതന്ത്ര്യം, അയിത്തോച്ചാടനം എന്നിവയ്‌ക്കുവേണ്ടി നിലകൊണ്ട ആര്യസമാജം ശൈശവവിവാഹം, സതിസമ്പ്രദായം എന്നിവ ഇല്ലായ്‌മ ചെയ്യുന്നതിനായി പ്രവര്‍ത്തിച്ചു.
ദുരാചാരങ്ങളെ എതിര്‍ക്കാനും പരിഷ്‌ക്കാരങ്ങള്‍ വരുത്താനും അദ്ദേഹം ഇരുപത്തിഒന്നാം വയസ്സില്‍ വീടുവിട്ടിറങ്ങി നാടെങ്ങും നടന്നു. ഹിമാലയത്തിലെത്തി പുരോഹിതന്മാരോട് സത്യത്തെക്കുറിച്ചന്വേഷിച്ചു. ഏതാണ്ട് രണ്ട് ദശകത്തിനുമേല്‍ നീണ്ടുനിന്ന, ദൈവത്തെ കണ്ടെത്താനുള്ള അലച്ചിലിനൊടുവില്‍ ഉത്തര്‍ പ്രദേശിലെ മധുരയ്‌ക്കടുത്ത് സ്വാമി വൃജാനന്ദയെ കാണാനിടയായി. തുടര്‍ന്ന് അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ചു.
സ്വാമി വൃജാനന്ദ അദ്ദേഹത്തോട് അതുവരെ പുസ്തകങ്ങളില്‍ നിന്ന് പഠിച്ചതെല്ലാം ദൂരെയെറിയാന്‍ പറഞ്ഞു. ഹിന്ദുത്വത്തിന്റെ ഏറ്റവും അടിസ്ഥാന ഗ്രന്ഥങ്ങളായ വേദങ്ങളില്‍നിന്ന് നേരിട്ട് പഠനം ആരംഭിക്കുന്നതിന് തെളിഞ്ഞ മനസ്സ് ദയാനന്ദയ്‌ക്കുണ്ടാകുവാനായിരുന്നു ഇത്. ദയാനന്ദ രണ്ടര വര്‍ഷം സ്വാമി വൃജാനന്ദയുടെ ശിഷ്യനായി തുടര്‍ന്നു. പഠനം പൂര്‍ത്തിയായപ്പോള്‍ തന്റെ ഗുരുദക്ഷിണയായി വേദങ്ങളില്‍നിന്ന് നേടിയ അറിവ് സമൂഹത്തിനു പകര്‍ന്നു കൊടുക്കുവാന്‍ ആ ഗുരു ദയാനന്ദയോട് പറഞ്ഞു. വേദങ്ങളാണ് നമ്മുടെ അടിസ്ഥാന ഗ്രന്ഥമെന്ന് ജൈമിനി മഹര്‍ഷിക്കു ശേഷം ആദ്യമായി ഉദ്‌ഘോഷിച്ചത് സ്വാമി ദയാനന്ദസരസ്വതിയാണ്.
സ്വാമി ദയാനന്ദസരസ്വതി രചിച്ച കൃതിയാണ് സത്യാര്‍ഥപ്രകാശം. ഈശ്വര നാമങ്ങളുടെ വ്യാഖ്യാനം, വിദ്യാഭ്യാസ സമ്പ്രദായം, അധ്യയന-അധ്യാപക സമ്പ്രദായം, സമാവര്‍ത്തനം വിവാഹം ഗൃഹസ്ഥാശ്രമവിധി, വാനപ്രസ്ഥ സംന്യാസ വിധി, രാജധര്‍മ്മം, ഈശ്വരന്‍, വേദം, സൃഷ്ടിയുടെ ഉത്പത്തി സ്ഥിതി പ്രളയം, വിദ്യ അവിദ്യ ബന്ധനം മോക്ഷം, ആചാര അനാചാരങ്ങള്‍, ഭക്ഷ്യം അഭക്ഷ്യം, മറ്റു മത ഖണ്ഡനങ്ങള്‍ തുടങ്ങിയ വിഷയങ്ങളാണ് ഈ കൃതിയില്‍ പ്രതിപാദിച്ചിരിക്കുന്നത്.
















