കൊല്‍ക്കത്ത: റഷ്യയില്‍ അടുത്തവര്‍ഷം നടക്കുന്ന ലോകകപ്പ് ഫുട്‌ബോളില്‍ കിരീടം നേടുന്നവര്‍ക്ക് വമ്പന്‍ സമ്മാനത്തുക നല്‍കുമെന്ന് ഫിഫ പ്രസിഡന്റ് ഇന്‍ഫന്റിനോ. വിജയികള്‍ക്ക് 3.80 കോടി ഡോളറാണ് സമ്മാനത്തുകയായി നല്‍കുക. അണ്ടര്‍ 17 ലോകകപ്പിന്റെ ഫൈനല്‍ മത്സരത്തിനായി കൊല്‍ക്കത്തയില്‍ എത്തിയതായിരുന്നു അദ്ദേഹം.
കഴിഞ്ഞ ബ്രസീല്‍ ലോകകപ്പില്‍ വിജയികള്‍ക്ക് 3.50 കോടി ഡോളറായിരുന്നു നല്‍കിയത്. റഷ്യ ലോകകപ്പില്‍ ആകെ 40 കോടി ഡോളറാണ് നല്‍കുന്നത്. ബ്രസീലില്‍ ഇത് 35.8 കോടി ഡോറളായിരുന്നു. ലോകകപ്പില്‍ പങ്കെടുക്കുന്ന ഓരോ ടീമിനും 80 ലക്ഷം ഡോളര്‍ വീതം ലഭിക്കും. ഇന്നലെ ഇവിടെ ചേര്‍ന്ന ഫിഫ കൗണ്‍സില്‍ യോഗത്തിലാണ് നിര്‍ണായക തീരുമാനമുണ്ടായത്.
ഇന്നത്തെ ഫൈനല്‍ കൂടി കഴിയുമ്പോള്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട അണ്ടര്‍ 17 ലോകകപ്പായി ഇന്ത്യയിലേതു മാറുമെന്ന് ഇന്‍ഫന്റിനോ പ്രത്യാശ പ്രകടിപ്പിച്ചു. ഇന്ന് സാള്‍ട്ട്‌ലേക്കില്‍ 6000 കാണികള്‍ കൂടി കയറിയാല്‍ ഏറ്റവും കൂടുതല്‍ പേര്‍ മത്സരം കണ്ട ലോകകപ്പായി മാറും. 1985ല്‍ ചൈനയില്‍ നടന്നഅണ്ടര്‍ 17 ലോകകപ്പിനാണ് ഇതുവരെ ഏറ്റവും കൂടുതല്‍ കാണികള്‍ കയറിയ റെക്കോഡ്. അന്ന് 12,30,976 പേരാണ് കളികണ്ടത്. എന്നാല്‍, ലൂസേഴ്‌സ് ഫൈനലും ഫൈനലും ശേഷിക്കേ ഇതുവരെ ഈ ലോകകപ്പിന് സാക്ഷിയായത് 12,24,027 പേരാണ്.
















