കണ്ണൂര്‍: നഗരത്തില്‍ പിടിച്ചുപറി ഗുണ്ടാസംഘം വിലസുന്നു. ജോലികഴിഞ്ഞ അര്‍ദ്ധരാത്രി നഗരത്തിലെത്തുന്നവരെയാണ് ക്രിമിനല്‍ സംഘം കൊള്ളയടിക്കുന്നത്. സ്ത്രീകളെ അപമാനിക്കുന്ന സംഘവും നഗരത്തിലുണ്ട്. ഇന്നലെ പുലര്‍ച്ചെ കൊയിലാണ്ടിയില്‍ നിന്നും കണ്ണൂരിലെത്തിയ കുടിയാന്‍മല സ്വദേശിയെ ഒരുസംഘം തടഞ്ഞുനിര്‍ത്തി അക്രമിച്ച് കയ്യിലുള്ള മൊബൈല്‍ ഫോണ്‍, എടിഎം കാര്‍ഡ്, വാച്ച്, ക്യാമറ തുടങ്ങിയവ തട്ടിയെടുത്തു. കൊയിലാണ്ടി അസ്ര ഫുഡ്‌കോര്‍ട്ടിലെ ജീവനക്കാരനായ കുടിയാന്‍മല മുന്നൂര്‍ കൊച്ചിയിലെ പ്ലാക്കല്‍ ഹൗസില്‍ ഫ്രാന്‍സീസിന്റെ മകന്‍ നൈജില്‍ ഫ്രാന്‍സീസ് (25) ആണ് കൊള്ളയടിക്കപ്പെട്ടത്. അര്‍ദ്ധരാത്രി 12 മണിയോടെ കെഎസ്ആര്‍ടിസി ബസ്സില്‍ കണ്ണൂര്‍ പഴയ ബസ്റ്റാന്റില്‍ എത്തിയ നൈജില്‍ റെയില്‍വേ സ്റ്റേഷനിലെത്തി ഭക്ഷണം കഴിച്ച് മടങ്ങുന്നതിനിടയിലായിരുന്നു അക്രമണം.
ബുള്ളറ്റ്, സ്‌കൂട്ടി, ഓട്ടോറിക്ഷ എന്നിവയിലെത്തിയ സംഘം ഇയാളെ പിടികൂടി മര്‍ദ്ദിക്കുകയും മൊബൈല്‍ അടക്കമുള്ള വിലപിടിപ്പുള്ളസാധനങ്ങള്‍ തട്ടിയെടുക്കുകയുമായിരുന്നു. പോലീസിനെ വിവരമറിയിച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് സംഘം സ്ഥലംവിട്ടത്. നൈജില്‍ ഓട്ടോറിക്ഷയുടെയും സ്‌കൂട്ടറിന്റെയും നമ്പര്‍ സഹിതം ടൗണ്‍ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നാലുപേരെ പിടികൂടി. എളയാവൂര്‍ ആയിഷാസില്‍ എം.സൈനുദ്ദീന്‍ (23), താഴെ ചൊവ്വ ബൈത്തൂല്‍ മുസ്താനിയിലെ കെ.കെ.മുനവീര്‍ (27) എന്നിവരടങ്ങുന്ന സംഘമാണ് പിടിയിലായത്.
നഗരത്തില്‍ പട്ടാപ്പകല്‍ പോലും സ്ത്രീകളെ അക്രമിച്ച സംഭവം കഴിഞ്ഞദിവസമുണ്ടായിരുന്നു. രാത്രികാലങ്ങളില്‍ നഗരത്തില്‍ സാമൂഹ്യവിരുദ്ധര്‍ അഴിഞ്ഞാടുകയാണ്. പോലീസ് ശക്തമായ നടപടികള്‍ സ്വീകരിക്കാത്തത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. റെയില്‍വേ സ്റ്റേഷന്‍, അണ്ടര്‍ബ്രിഡ്ജ്, പഴയസ്റ്റാന്റ് തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് സാമൂഹ്യവിരുദ്ധര്‍ ക്യാമ്പ് ചെയ്യുന്നത്.
















