ചെറുപുഴ: കോഴിച്ചാലില്‍ പ്രവര്‍ത്തിക്കുന്ന കുടിവെളളക്കമ്പനി തുറന്നു പ്രവര്‍ത്തിക്കാനുള്ള നീക്കം ചെറുക്കുമെന്ന് ജനകീയകര്‍മ്മസമിതി പത്രസമ്മേളനത്തില്‍ അറിയിച്ചു. കമ്പനി പ്രവര്‍ത്തനം ആരംഭിച്ചതോടെ പ്രദേശത്ത് കടുത്ത ജലക്ഷാമമാണ് അനുഭവപ്പെടുന്നത്. കുടിവെള്ളപ്രശ്‌നം രൂക്ഷമായതിനാലാണ് നാട്ടുകാര്‍ ജനകീയ കര്‍മ്മസമിതി രൂപവത്കരിച്ചത്. ദിവസേന അയ്യായിരം ലിറ്റര്‍ വെള്ളം ഉപയോഗിക്കാനാണ് ലൈസന്‍സ് എന്നിരിക്കെ എണ്‍പതിനായിരം ലിറ്റര്‍ ജലമാണ് ഊറ്റുന്നത്. നിയമപ്രകാരം ഒരു കുഴല്‍കിണറാണ് നിര്‍മ്മിക്കാന്‍ അനുവാദമുള്ളത്. കൂടുതല്‍ വെളളം ഊറ്റുന്നതിനായി തോടിനോട് ചേര്‍ന്ന് വലിയ കുഴല്‍ക്കിണര്‍ അനധികൃതമായി നിര്‍മ്മിച്ചിട്ടുണ്ട്.
മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് പറഞ്ഞിട്ടുള്ള ഒരു കാര്യവും ചെയ്യാതെ മാലിന്യങ്ങള്‍ തൊട്ടടുത്ത തോട്ടിലേയ്‌ക്ക് ഒഴുക്കുകയാണ്. ഇതു മൂലം കടുത്ത മാലിന്യ പ്രശ്‌നമാണ് ഉണ്ടായിരിക്കുന്നത്
പ്രതിദിനം രണ്ടായിരം രൂപ വിറ്റ് വരവ് കാണിച്ചാണ് ലൈസന്‍സ് നേടിയത്. ഇപ്പോള്‍ വൈദ്യുതിബില്‍ മാത്രം മാസം തോറും ഒരു ലക്ഷം അടയ്‌ക്കുന്നുണ്ട്. ഇത് തന്നെ ജലചൂഷണത്തിന്റെ ആഴം വ്യക്തമാക്കുന്നു. നാലായിരം രൂപ വിറ്റുവരവ് കാണിക്കുന്ന സ്ഥാപനത്തില്‍ മുപ്പത് തൊഴിലാളികളുണ്ട് എന്നത് അതിശയോക്തിപരമാണ്. പ്ലാനില്‍ പറഞ്ഞിട്ടുള്ള മഴവെള്ള സംഭരണി നിര്‍മ്മിച്ചിട്ടില്ലെന്നും പത്രസമ്മേളനത്തില്‍ പങ്കെടുത്ത ജനകീയസമതി ഭാരവാഹികളായ തോമസ് കൂനംപാറ, തോമസ് പുളിക്കല്‍, തങ്കപ്പന്‍ എലച്ചിക്കുന്നേല്‍, അഗസ്റ്റ്യന്‍ കൂനംപാറ, തങ്കച്ചന്‍ മുഞ്ഞനാട്ട്, ജോര്‍ജ് ചേന്നാട്ട്, സാബു ചാത്തന്‍ കുന്നേല്‍ എന്നിവര്‍ പറഞ്ഞു.
















