ന്യൂദല്‍ഹി: ഗുജറാത്ത് നിയമസഭയിലേയ്‌ക്കുള്ള തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്. ആദ്യഘട്ടം ഡിസംബര്‍ 9നും രണ്ടാം ഘട്ടം ഡിസംബര്‍ 14നും നടക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ അചൽ കുമാർ ജ്യോതി അറിയിച്ചു.
വോട്ടെണ്ണല്‍ 18ന് നടക്കും. വിവി പാറ്റ് സംവിധാനം പൂർണമായും ഉൾപ്പെടുത്തിയാവും തെരഞ്ഞെടുപ്പ് നടത്തുക എന്ന് കമ്മീഷൻ വ്യക്തമാക്കി. ഡിസംബർ ഒൻപതിന് നടക്കുന്ന ആദ്യ ഘട്ടത്തിൽ 89 മണ്ഡലങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കും. പതിനാലിന് നടക്കുന്ന രണ്ടാം ഘട്ടത്തിൽ 93 മണ്ഡലങ്ങളുടെ ജനവിധി കുറിക്കപ്പെടും.
50,128 പോളിംഗ് ബൂത്തുകളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ സജ്ജീകരിക്കുന്നത്. ഇതിൽ 102 ബൂത്തുകളുടെ പൂർണ നിയന്ത്രണം സ്ത്രീകൾക്ക് മാത്രമായിരിക്കും. 28 ലക്ഷം രൂപയായിരിക്കും ഒരു സ്ഥാനാർഥിക്ക് മുടക്കാൻ പറ്റുന്ന പരമാവധി തുകയെന്നും കമ്മീഷൻ അറിയിച്ചു.
തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതോടെ ഗുജറാത്തില്‍ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. ഡിസംബര്‍ 18ന് മുമ്പ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് കമ്മിഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവിലെ നിയമസഭയ്‌ക്ക് അടുത്തവര്‍ഷം ജനുവരി 22 വരെ കാലാവധിയുണ്ട്.
















