കോഴിക്കോട്: ശശിയേട്ടനായിരുന്നു എനിക്ക്, എപ്പോള്‍ കോഴിക്കോട് വന്നാലും വിളിക്കും, അതു വര്‍ഷങ്ങളായുള്ള ബന്ധമാണ്. അവസാനം കോഴിക്കോട് വന്നത് ആദരവ് ഏറ്റുവാങ്ങാനായിരുന്നു. അന്നും ഒന്നിച്ച് കോഴിക്കോട് മുഴുവന്‍ കറങ്ങിയിട്ടാണ് പോയത്… കുന്ദമംഗലം മുറിയനാല്‍ കെ.സി. പരീക്കുട്ടി ഇങ്ങനെ പറഞ്ഞു നിര്‍ത്തി. പരീക്കുട്ടിക്ക് മാത്രമല്ല ഒരു തലമുറയില്‍പ്പെട്ട സിനിമയുമായി ബന്ധമുള്ള കോഴിക്കോട്ടുകാര്‍ക്കെല്ലാം ശശിയേട്ടനായിരുന്നു സംവിധായകന്‍ ഐ.വി. ശശിയെന്ന ഇരിപ്പംവീട്ടില്‍ ശശിധരന്‍.
കോഴിക്കോടെത്തിയാല്‍ മഹാറാണിയിലുണ്ടാകും. റൂം നമ്പര്‍ 106 ആയിരുന്നു ഇഷ്ടമുറി. പ്രിയപ്പെട്ടവര്‍ക്കൊപ്പം കളി ചിരിയുമായി കൂടുമായിരുന്നെങ്കിലും ചീട്ട് കളി ഇഷ്ടമായിരുന്നില്ലെന്ന് പരീക്കുട്ടി ഓര്‍ക്കുന്നു. ശശിയേട്ടന്റെ സിനിമ കോഴിക്കോട്ടുണ്ടെന്നറിഞ്ഞാല്‍ പിന്നെ ആഘോഷമാണ്. അന്ന് മഹാറാണിയില്‍ ജോലിക്കുണ്ടായിരുന്ന ഏതാണ്ടെല്ലാ ആളുകളും ശശിയേട്ടന്റെ സിനിമയുടെ ഭാഗമായിരുന്നു. കോറണേഷന്‍ തിയേറ്ററില്‍ ഐ.വി. ശശിക്കൊപ്പമിരുന്ന് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രം സിനിമ കണ്ടത് പരീക്കുട്ടിക്ക് മറക്കാനാവാത്ത അനുഭവമാണ്. ഓരോ സീന്‍ വരുമ്പോഴും അതിനെക്കുറിച്ച് വിശദീകരിച്ച് പറഞ്ഞു തന്നതും പരീക്കുട്ടി ഓര്‍ക്കുന്നു.
സുഹൃത്ത് ടി. കുഞ്ഞിക്കണ്ണന്‍ നിര്‍മ്മിച്ച ആശീര്‍വാദം എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് പരീക്കുട്ടി ഐ.വി. ശശിയെ പരിചയപ്പെടുന്നത്. 1974 ലായിരുന്നു അത്. അന്നു തുടങ്ങിയ സൗഹൃദം വളര്‍ന്നു. കോഴിക്കോട്ട് ഐ.വി. ശശിയെത്തുമ്പോഴെല്ലാം പരീക്കുട്ടി വരും. കാണാന്‍ പോകുമ്പോഴെല്ലാം കോഴിക്കോടിന്റെ പ്രിയ വിഭവമായ കല്ലുമ്മക്കായ പൊരിച്ചത് പരീക്കുട്ടി കരുതും. എപ്പോള്‍ വന്നാലും അതു വേണമായിരുന്നു. ചിലപ്പോഴൊക്കെ ചെന്നൈയിലേക്ക് കൊണ്ടുപോവുകയും ചെയ്യും.
ആദരിക്കല്‍ ചടങ്ങിനായി കഴിഞ്ഞവര്‍ഷം കോഴിക്കോട്ടെത്തിയപ്പോഴാണ് ഐ.വി. ശശിയെ അവസാനമായി കണ്ടത്. ശശിയേട്ടന്റെയും ഭാര്യ സീമയുടെയും മകന്റെയും കൂടെ അന്ന് കാറില്‍ നഗരം ചുറ്റി. കല്ലുമ്മക്കായ പൊരിച്ചത് വാങ്ങിക്കൊടുത്തു. കാറില്‍ പോകുമ്പോള്‍ തന്റെ പ്രിയ ലൊക്കേഷനുകളായിരുന്ന കോഴിക്കോടിന്റെ മുക്കും മൂലയും മകന് കാണിച്ചുകൊടുത്തു. വീണ്ടും കാണാമെന്ന് പറഞ്ഞാണ് അദ്ദേഹം മടങ്ങിയത്. ഇടയ്‌ക്ക് വിളിക്കുമായിരുന്നു. എന്നാല്‍ ഇനി ചെന്നൈയില്‍ നിന്ന് അങ്ങനെയൊരു വിളിയുണ്ടാകില്ലെന്ന് പരീക്കുട്ടി തിരിച്ചറിയുന്നു.
















