ന്യൂദല്‍ഹി: ദല്‍ഹിയിലെ ഗ്രേറ്റര്‍ നോയിഡയില്‍ നിന്നും കാണാതായ മലയാളികള്‍ ഉള്‍പ്പടെയുള്ള ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ ജമ്മു-ഹൗറ ഹിമഗിരി എക്സ്പ്രസില്‍ യാത്ര ചെയ്യുന്നുണ്ടെന്ന് രക്ഷിതാക്കള്‍ക്ക് ഫോണ്‍ സന്ദേശം. കുട്ടികള്‍ വിളിപ്പിച്ചതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്.
ഫോണ്‍ സന്ദേശത്തെ തുടര്‍ന്ന് പോലീസ് സംഘം റെയില്‍വെ ഫോഴ്സിനെ വിവരം അറിയിച്ചു. തിങ്കളാഴ്ച രാത്രി എട്ട് മണി മുതലാണ് വിദ്യാര്‍ത്ഥിനികളെ കാണാതായത്. ഗ്രേറ്റര്‍ നോയിഡ കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളാണ് ഇരുവരും. രാത്രി ഏഴ് മണിയോടെ പഠനോപകരണങ്ങള്‍ വാങ്ങാനായി ഇരുവരും വീടിന് സമീപമുള്ള മാര്‍ക്കറ്റിലേക്ക് പോവുകയായിരുന്നു.. രാത്രി എട്ടിന് ശേഷവും ഇരുവരും തിരിച്ചെത്താതിരുന്നതോടെ ബന്ധുക്കള്‍ അന്വേഷിച്ചിറങ്ങി.
പലയിടത്തും തിരഞ്ഞെങ്കിലും വിവരമൊന്നും ലഭിച്ചില്ല. ഇവര്‍ പഠനോപകരണങ്ങള്‍ വാങ്ങാനെത്തിയ കടയില്‍ അന്വേഷിച്ചപ്പോള്‍ കുട്ടികള്‍ അവിടെ ചെന്നിരുന്നുവെന്നും പുസ്തകങ്ങള്‍ വാങ്ങിയെന്നുമാണ് കടക്കാര്‍ പറയുന്നത്. പിന്നീട് എങ്ങോട്ട് പോയി എന്ന് ആര്‍ക്കും അറിവുണ്ടായിരുന്നില്ല.
















