ന്യൂദല്‍ഹി: രാജ്യത്തെ പ്രധാന പൊതുമേഖലാ ബാങ്കുകളുടെ മൂലധന അടിത്തറ വികസിപ്പിക്കുന്നതിനായി 2.11 ലക്ഷം കോടി രൂപ അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ബാങ്കുകള്‍ക്ക് നല്‍കുന്ന ഈ തുക രണ്ടുവര്‍ഷം കൊണ്ട് ചെറുകിട-ഇടത്തരം വ്യാപാരികളെ സഹായിക്കുന്നതിനായി ചെലവഴിക്കും. കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിച്ച പദ്ധതി കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പ്രഖ്യാപിച്ചു.
1.35 ലക്ഷം കോടി രൂപ പുനര്‍മൂലധന ബോണ്ടുകളായും ബാക്കി 76,000 കോടി രൂപ ബജറ്റിലൂടെയുമാണ് വകയിരുത്തുക. യുപിഎ ഭരണകാലത്തെ കിട്ടാക്കടങ്ങള്‍ മൂലം വന്‍സാമ്പത്തിക പ്രതിസന്ധിയിലായ പൊതുമേഖലാ ബാങ്കുകളുടെ രക്ഷാ പാക്കേജാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു.
ഇന്ദ്രധനുഷ് പദ്ധതി വഴി 18,000 കോടി രൂപയും ബാങ്കുകള്‍ക്ക് ലഭിക്കും. പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം 7.33 ലക്ഷം കോടി രൂപയായി ഉയര്‍ന്ന സാഹചര്യത്തിലാണ് കേന്ദ്രധനമന്ത്രാലയം ബാങ്കുകള്‍ക്ക് സഹായപദ്ധതി പ്രഖ്യാപിച്ചത്. 9.5 ലക്ഷം വായ്‌പകളാണ് കിട്ടാക്കടങ്ങളായി ബാങ്കുകള്‍ക്കുള്ളത്. ഇന്ദ്രധനുഷ് പദ്ധതി വഴി 18,000 കോടി രൂപയും ബാങ്കുകള്‍ക്ക് ലഭിക്കും.
ജിഎസ്ടിയെ പരിഹസിച്ച് ഗബ്ബാര്‍ സിങ് ടാക്‌സ് എന്ന് വിളിച്ച രാഹുല്‍ഗാന്ധിക്കെതിരെയും കേന്ദ്രധനമന്ത്രി പ്രതികരിച്ചു. 2ജി, കല്‍ക്കരി അഴിമതികളും നികുതി വെട്ടിപ്പുകളും നടത്തിയവര്‍ ഏകീകൃത നികുതിഘടനയെ എതിര്‍ക്കുന്നത് സ്വാഭാവികമാണെന്ന് ജെയ്റ്റ്‌ലി പറഞ്ഞു. നോട്ട് നിരോധനം പ്രഖ്യാപിച്ച നവംബര്‍ 8ന് കരിദിനാചരണത്തിന് ആഹ്വാനം ചെയ്ത പ്രതിപക്ഷ നടപടി സമ്പദ് വ്യവസ്ഥ മെച്ചപ്പെടുന്നതിലുള്ള അവരുടെ താല്‍പ്പര്യമില്ലായ്‌മയുടെ തെളിവാണെന്നും ജെയ്റ്റ്‌ലി കുറ്റപ്പെടുത്തി.
















