അഗളി: അട്ടപ്പാടിയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ആദിവാസി കുട്ടികളോട് വിവേചനം. അഗളി ഗവഎച്ച്എസ്എസില്‍ വിജിലന്‍സ് സിഐ വി.കൃഷ്ണന്‍ കുട്ടിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ആദിവാസി വിദ്യാര്‍ത്ഥികള്‍ വിവേചനം നേരിടുന്നുണ്ടെന്ന് കണ്ടെത്തിയത്.
അഞ്ചിനും എട്ടിനുമിടയിലുള്ള ക്ലാസുകളിലാണ് വിവേചനം. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കായി ചില ഡിവിഷനുകള്‍ അനുവദിച്ച നിലയിലാണ്. മറ്റ് വിഭാഗത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഇതില്‍ നാമമാത്രമാണ്. അതേസമയം മറ്റ് വിഭാഗത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഡിവിഷനുകളില്‍ ആദിവാസി കുട്ടികളുമില്ല. അധ്യാപനത്തിലും വിവേചനമുണ്ടെന്ന് പരിശോധനയില്‍ തെളിഞ്ഞു.
പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നുള്ള വിദ്യാര്‍ഥികളുള്ള ക്ലാസുകളില്‍ താല്‍ക്കാലിക അധ്യാപകരാണ് പഠിപ്പിക്കുന്നത്. സ്ഥിരാധ്യാപകര്‍ മറ്റ് വിഭാഗത്തില്‍ നിന്നുള്ള വിദ്യാര്‍ഥികളുള്ള ക്ലാസുകളാണ് തിരഞ്ഞെടുക്കുന്നത്. കൂടാതെ പരീക്ഷകള്‍ നടത്തുന്നതിലും വിവേചനമുണ്ടെന്നും കണ്ടെത്തി. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രതേൃക പരീക്ഷയാണ് നടത്തുന്നത്. കൂടാതെ ആദിവാസി വിഭാഗത്തില്‍ നിന്നുള്ള വിദ്യാര്‍ഥികളില്‍ നിന്ന് പിടിഎ ഫണ്ട് വാങ്ങരുതെന്ന് നിബന്ധനയും ഇവിടെ പാലിക്കപ്പെടുന്നില്ല.
യുപി വിഭാഗത്തില്‍ എല്ലാ ക്ലാസുകളും കൈകാര്യം ചെയ്യണമെന്ന് നിബന്ധനയും ഇവിടെ പാലിക്കപെടുന്നില്ല. കൃത്യമായ ടൈംടേബിള്‍ പോലും യു.പി. വിഭാഗത്തിനില്ലെന്ന് പരിശോധനയില്‍ തെളിഞ്ഞു. അമ്പതുശതമാനത്തിലധികം പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂള്‍ പിടിഎ കമ്മറ്റിയില്‍ ആദിവാസി വിഭാഗത്തില്‍ നിന്നും ഒരു രക്ഷകര്‍ത്താവ് മാത്രമാണുള്ളത്.
സ്‌കൂളിലെ വിദ്യാര്‍ഥികളെ അധ്യാപകര്‍ രണ്ടുതട്ടിലാണ് കാണുന്നതെന്ന് ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ചില അധ്യാപകരും വിജിലന്‍സിന് മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ആദിവാസി വിഭാഗത്തില്‍ നിന്നുളള വിദ്യാര്‍ഥികളോട് വിവേചനം കാട്ടിയിട്ടില്ലെന്ന് പ്രധാനാധ്യാപിക ഫ്രീഡ മേരി പറഞ്ഞു.
















