കൊച്ചി: വാഹന ഇടപാട് രംഗത്തും, ലൈസന്‍സിങ് സംവിധാനത്തിലുമുള്ള അഴിമതി തടയാനും സുരക്ഷ ഉറപ്പാക്കാനുമായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച ‘വാഹന്‍ സാരഥി’ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയില്ല. വാഹന രജിസ്ട്രേഷന്‍ സേവനങ്ങളും (വാഹന്‍) ഡ്രൈവിങ് ലൈസന്‍സ് ഇടപാടുകളും (സാരഥി) ഏകോപിപ്പിച്ചുള്ള ഏകീകൃത സോഫ്റ്റ്‌വെയറാണ് വാഹന്‍ സാരഥി.
സംസ്ഥാനത്ത് ആദ്യഘട്ടത്തില്‍ ‘സാരഥി’യുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ജൂലൈ മുതല്‍ നല്‍കേണ്ടിയിരുന്നതാണ്. നിലവില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ മൂന്ന് കേന്ദ്രങ്ങളില്‍ വാഹന്‍ സാരഥി അനുസരിച്ച് ടെസ്റ്റുകള്‍ നടത്തുന്നുണ്ട്. എന്നാല്‍ ഇതിനുവേണ്ട പ്രിന്റിങ് മെഷീനോ മറ്റു സാമഗ്രികളോ ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഇനിയും താല്പര്യം കാട്ടുന്നില്ല. ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ ഇതിന് പകരമായി വെള്ളക്കടലാസില്‍ എഴുതി നല്‍കുകയാണ് ചെയ്യുന്നത്. വിദേശത്തുള്ളവരെയാണ് ഈ കാലതാമസം ഏറെയും കുഴപ്പിക്കുന്നത്. ഡ്രൈവിങ് ലൈസന്‍സ് കരസ്ഥമാക്കിയവരും സാരഥി പ്രകാരമുള്ള സ്മാര്‍ട്ട് ലൈസന്‍സ് ലഭിക്കാതെ വലയുകയാണ്. പ്രത്യേക ചിപ്പ് ഘടിപ്പിച്ച ലൈസന്‍സാണ് ഇത് പ്രകാരം നല്‍കേണ്ടത്.
എന്നാല്‍ കാലതാമസം സര്‍ക്കാര്‍ മനഃപൂര്‍വ്വം സ്യഷ്ടിക്കുകയാണെന്ന ആക്ഷേപമുണ്ട്. സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ട മുഴുവന്‍ കരാറുകളും ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റി ലിമിറ്റഡിന് നല്‍കാനുള്ള നീക്കമാണ് പിന്നിലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതിന്റെ ഭാഗമായി കരാറുമായി ബന്ധപ്പെട്ട് നേരത്തെയുള്ള കേസുകള്‍ ഒഴിവാക്കാനുള്ള തിരക്കിട്ട നീക്കങ്ങളും നടക്കുന്നുണ്ട്. പുതിയ കരാര്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് യാതൊരുവിധ വിവരങ്ങളും വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടില്ല.
നേരത്തെ അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയുടെ കരാറും ടെന്‍ഡര്‍ പോലും ക്ഷണിക്കാതെ ഊരാളുങ്കലിന് നല്‍കിയത് ഏറെ വിവാദമായിരുന്നു. മുഖ്യമന്ത്രിയും, പൊതുമരാമത്ത്, ധനകാര്യ മന്ത്രിമാരും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ ഊരാളുങ്കലിന് നേരിട്ട് കരാര്‍ കൊടുക്കുകയായിരുന്നു. ചട്ടവിരുദ്ധമായ നടപടിയില്‍ പ്രതിഷേധിച്ച് കരാറുകാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് കരാറുകാര്‍ക്ക് അനുകൂലമായാണ് വിധിയുണ്ടായത്. പിന്നീട് എല്ലാവരെയും പങ്കെടുപ്പിച്ച് നടത്തിയ ടെന്‍ഡറില്‍ ഊരാളുങ്കലിന് തന്നെ റോഡിന്റെ കരാര്‍ ലഭിച്ചിരുന്നു. പുതിയ ലൈസന്‍സിനുള്ള സേവനങ്ങള്‍ മുടങ്ങുന്നതോടെ പല ഓഫീസുകളിലും കേന്ദ്ര സര്‍ക്കാരിന്റെ അനാസ്ഥ മൂലമാണ് നടപടികള്‍ വൈകുന്നതെന്ന രീതിയിലാണ് ഉദ്യോഗസ്ഥരും വിശദീകരണം നല്‍കുന്നത്.
















