ഐ.വി. ശശി തലശ്ശേരിയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും ആദരവ് ഏറ്റുവാങ്ങുന്നു (ഫയല്‍ ചിത്രം)
കണ്ണൂര്‍: ഇന്നലെ വിടപറഞ്ഞ സിനിമാ രംഗത്തെ സംവിധായക പ്രതിഭയായിരുന്ന ഐ.വി. ശശി സിനിമാ രംഗത്തെ തന്റെ പ്രവര്‍ത്തന മികവിനുളള അവസാനത്തെ ആദരവ് ഏറ്റുവാങ്ങിയത് തലശ്ശേരിയില്‍. സപ്തംബര്‍ പത്തിന് തലശ്ശേരിയില്‍ നടന്ന സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങിലാണ് ഐ.വി. ശശി ഏറ്റവും ഒടുവില്‍ ആദരിക്കപ്പെട്ടത്.
ശാരീരിക അവശതകള്‍ അലട്ടിക്കൊണ്ടിരിക്കുകയായിരുന്നുവെങ്കിലും സര്‍ക്കാര്‍ നല്‍കുന്ന ആദരവ് ഏറ്റുവാങ്ങാന്‍ തലശ്ശേരിയില്‍ സുഹൃത്തുക്കളുടേയും ബന്ധുജനങ്ങളുടേയും സഹായത്തോടെ എത്തുകയായിരുന്നു. വളരെ ബുദ്ധിമുട്ടി വേദിയിലെത്തി മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്ന് ആദരവ് ഏറ്റുവാങ്ങി. മലയാള സിനിമാ ലോകത്തേയും രാഷ്‌ട്രീയ സാമൂഹ്യ-സാംസ്‌ക്കാരിക രംഗത്തെ പല പ്രമുഖരുമായി പരിചയങ്ങള്‍ പുതുക്കുകയും ചെയ്തു.
കുവൈറ്റ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പ്രവാസി ജീവിതത്തിന്റെ കദനകഥ പ്രമേയമാക്കി സിനിമ എടുക്കാനുളള തന്റെ ആഗ്രഹം ബാക്കിയാക്കിയാണ് ഐ.വി. ശശി വിടപറഞ്ഞത്. തന്റെ ഈ ആഗ്രഹം സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ചടങ്ങില്‍ സംബന്ധിക്കാനെത്തിയ മാധ്യമ പ്രവര്‍ത്തകരോടും സഹപ്രവര്‍ത്തരോടും പങ്കുവെച്ചു. ബേര്‍ണിങ് വെല്‍ (കത്തുന്ന കിണര്‍) എന്ന് പേരിട്ട് നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ച സിനിമയുടെ പ്രാഥമിക നടപടികള്‍ പൂര്‍ത്തീകരിച്ചിരുന്നു.
പ്രശസ്ത ബിഗ് ബജറ്റ് ഇംഗ്ലീഷ് ചിത്രമായിരുന്ന ഡാം ട്രിപ്പിള്‍ നൈന്‍ എന്ന സിനിമയുടെ സംവിധായകനായ സോഹന്‍ റോയിയുമായി സഹകരിച്ച് സിനിമ നിര്‍മ്മിക്കാനായിരുന്നു പദ്ധതി. മലയാളത്തിലെ പ്രശസ്ത നടന്‍ മോഹന്‍ലാലിനെ നായകനാക്കി സിനിമയെടുക്കാനുള്ള തന്റെ ആഗ്രഹവും അവസാനകാലത്ത് അദ്ദേഹം പ്രകടമാക്കുകയുണ്ടായി.
















