മൂന്നാര്‍: ദേവികുളത്ത് ലയത്തിന് സമീപം കാട്ടാന ചരിഞ്ഞ സംഭവം വൈദ്യുതാഘാതമേറ്റെന്ന് സ്ഥിരീകരണം. ലയത്തിലെ താമസക്കാരന്‍ പിടിയില്‍. കണ്ണന്‍ ദേവന്‍ കമ്പനി ദേവികുളം എസ്റ്റേറ്റ് ഫാക്ടറി ഡിവിഷന്‍ പുതുലയത്തില്‍ യോവാ(53)നെയാണ് വനംവകുപ്പ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ നടന്ന പോസ്റ്റ് മോര്‍ട്ടത്തിലാണ് മരണകാരണം വ്യക്തമായത്.
പുതുലയത്തിന് സമീപം കൃഷിഭൂമിയിലാണ് 20 വയസുള്ള ആനയെ ചരിഞ്ഞ നിലയില്‍ തിങ്കളാഴ്ച കണ്ടെത്തിയത്. ആന ഗര്‍ഭിണിയായിരുന്നു. 30 വയസുണ്ട്. സമീപത്തെ കമ്പിവേലിയില്‍ തുമ്പിക്കൈ തൊട്ട നിലയിലായിരുന്നു ജഡം. തുമ്പിക്കൈയിലും വായുടെ ഭാഗത്തും പൊള്ളലേറ്റ പാടുകള്‍ കണ്ടെത്തിയിരുന്നു.
കോന്നി വനംവകുപ്പ് വെറ്ററിനറി ഓഫീസര്‍ ഡോ. സി.എസ്. ജയകുമാറിന്റെ നേതൃത്വത്തിലായിരുന്നു പോസ്റ്റമോര്‍ട്ടം. ലയത്തിന് സമീപം യോവാന്‍ തീറ്റപ്പുല്ല് കൃഷി നടത്തിയിരുന്നു. ഇതിന്റെ സുരക്ഷയ്‌ക്കായി പ്രതി രാത്രി കാലങ്ങളില്‍ ചെമ്പുകമ്പി ഉപയോഗിച്ച് വേലി തീര്‍ത്ത് വൈദ്യുതി കടത്തി വിട്ടിരുന്നതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ചുറ്റും ചെടികള്‍ വച്ചുപിടിപ്പിച്ച ശേഷം ഇതിനിടയിലൂടെയായിരുന്നു ചെമ്പുകമ്പി സ്ഥാപിച്ചിരുന്നത്.
മറയൂര്‍ ഡിഎഫ്ഒ നരേന്ദ്രബാബു, ദേവികുളം റേഞ്ച് ഓഫീസര്‍ നിബു കിരണ്‍ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്. പ്രതി കുറ്റം സമ്മതിച്ചതായും ചെമ്പുകമ്പികള്‍ പിടിച്ചെടുത്തതായും റേഞ്ചര്‍ പറഞ്ഞു. വന്യജീവി സംരക്ഷണ നിയമം സെക്ഷന്‍ ഒമ്പത് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
മൂന്ന് മാസത്തിനിടെ ഹൈറേഞ്ച് മേഖലയില്‍ ചരിയുന്ന ആറാമത്തെ കാട്ടാനയാണിത്. ഇതില്‍ നാലെണ്ണം പിടിയാനകളാണ്. ആഗസ്റ്റ് അഞ്ചിന് ചിന്നക്കനാല്‍ തച്ചങ്കരി എസ്റ്റേറ്റില്‍ പിടിയാന വൈദ്യുത വേലിയില്‍ നിന്ന് ഷോക്കേറ്റ് ചരിഞ്ഞിരുന്നു.
















