കുന്നത്തൂര്‍: തികച്ചും അപ്രതീക്ഷിതമായാണ് ആ വാര്‍ത്ത മൈനാഗപ്പള്ളി മണ്ണൂര്‍ക്കാവ് ക്ഷേത്രത്തിലെ മേല്‍ശാന്തിയായ അനീഷ് നമ്പൂതിരിയേ തേടിയെത്തിയത്. രാവിലെ 8.40 ഓടെ ശ്രീകോവിലിനുള്ളില്‍ പുഷ്പാജ്ഞലി നടത്തുമ്പോള്‍ സഹശാന്തി ശ്രീകുമാറാണ് അനീഷ് നമ്പൂതിരിയെ സന്തോഷവാര്‍ത്ത അറിയിക്കുന്നത്. പിന്നീട് ദേവസ്വം ബോര്‍ഡില്‍ നിന്നും ഔദ്യോഗിക അറിയിപ്പും ലഭിച്ചു.
മുന്‍പ് നാലു തവണ അപേക്ഷ നല്‍കിയിരുന്നെങ്കിലും പട്ടികയില്‍ പോലും ഇടം പിടിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇക്കുറി മാളികപ്പുറത്തേക്ക് മേല്‍ശാന്തിമാരുടെ അപേക്ഷ ക്ഷണിച്ച സമയത്ത് അനീഷ് നമ്പൂതിരി ഡെങ്കിപ്പനി പിടിപെട്ട് കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. അതു കൊണ്ടു തന്നെ അപേക്ഷ നല്‍കാന്‍ സാധിച്ചിരുന്നില്ല.
മണ്ണൂര്‍ക്കാവ് ക്ഷേത്രം സെക്രട്ടറി രവി മൈനാഗപ്പള്ളിയുടെ നിര്‍ബന്ധത്തിന് വഴങ്ങി ദേവസ്വം ബോര്‍ഡ് അപേക്ഷ സ്വീകരിക്കുന്ന അവസാന ദിവസം അപേക്ഷ തയ്യാറാക്കി ഏല്‍പ്പിക്കുകയായിരുന്നു. ബാക്കി കാര്യങ്ങളെല്ലാം ചെയ്തതും ക്ഷേത്രം സെക്രട്ടറി തന്നെ. അത് ഫലംകണ്ടു, അനീഷ് നമ്പൂതിരിയുടെ പേര് പട്ടികയില്‍ ഇടം കണ്ടെത്തിയിരുന്നു. മാളികപ്പുറത്തമ്മയെ സേവിക്കാനുള്ള അനുഗ്രഹത്തിനായി നമ്പൂതിരിക്കൊപ്പം നാടും പ്രാര്‍ത്ഥനയിലായി.
ഇന്നലെ രാവിലെ നടന്ന നറുക്കെടുപ്പില്‍ ഇത് സാക്ഷാത്ക്കരിക്കുകയും ചെയ്തു. മാളികപ്പുറത്തമ്മയുടെ ദാസനാകാന്‍ കഴിഞ്ഞത് മണ്ണൂര്‍ക്കാവിലമ്മയുടെ അനുഗ്രഹവും സെക്രട്ടറി രവി മൈനാഗപ്പള്ളിയുടെയും നാട്ടുകാരുടെയും പൂര്‍ണ പിന്തുണയുമാണെന്ന് അനീഷ് നമ്പൂതിരി പറയുന്നു.
കൊല്ലം മയ്യനാട് ജന്‍മംകുളം‘ഭഗവതീ ക്ഷേത്രത്തില്‍ 15 വര്‍ഷവും കോയമ്പത്തൂര്‍ സംഘനൂര്‍ അയ്യപ്പക്ഷേത്രത്തിലും തിരുവനന്തപുരം പുന്നക്കുളം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നിവിടങ്ങളില്‍ ഒരു വര്‍ഷം വീതവും മേല്‍ശാന്തിയായി സേവിച്ച ശേഷമാണ് അനീഷ് നമ്പൂതിരി മണ്ണൂര്‍ക്കാവിലെത്തിയത്. കുടുംബസമേതം മൈനാഗപ്പള്ളി കല്ലുകടവിലാണ് താമസം.
















