ബംഗ്ലാദേശ്: മ്യാന്മറില്‍നിന്ന് ബംഗ്ലാദേശിലേക്ക് റോഹിങ്ക്യന്‍ അഭയാര്‍ഥികളുമായി പോവുകയായിരുന്ന ബോട്ട് മുങ്ങി കുട്ടികളടക്കം എട്ടുപേര്‍ മരിച്ചു. 20 ഓളം ആളുകളെ കാണാതായി. ബോട്ടില്‍ 50 ലധികം പേര്‍ ഉണ്ടായിരുന്നതായി അധികൃതര്‍ വ്യക്തമാക്കി.
ബംഗ്ലാദേശിനെയും മ്യാന്മറിനെയും വേര്‍തിരിക്കുന്ന നാഫ് നദി മുറിച്ചുകടക്കവെയാണ് ബോട്ട് മുങ്ങിയതെന്ന് ബംഗ്ലാദേശ് ബോര്‍ഡ് ഗാര്‍ഡ് ഏരിയ കമാന്‍ഡര്‍ ലഫ്. കേണല്‍ എസ്.എം. ആരിഫുല്‍ ഇസ്ലാം പറഞ്ഞു.ബംഗ്ലാദേശ് തീരത്തിന് 200 മീറ്റര്‍മാത്രം അകലെയെത്തിയപ്പോഴാണ് ബോട്ട് മുങ്ങിയത്. അതുകൊണ്ട് 21 പേര്‍ക്ക് നീന്തി കരക്കെത്താന്‍ സാധിച്ചു.
ഒന്നര മാസത്തിനിടെ ബംഗ്ലാദേശിലേക്ക് അഭയാര്‍ഥികളുമായി വരുകയായിരുന്ന റോഹിങ്ക്യന്‍ ബോട്ടുകള്‍ മുങ്ങി 200ലധികം പേര്‍ മരിച്ചിട്ടുണ്ട്. മരം കൊണ്ട് നിര്‍മിക്കുന്ന ദുര്‍ബലമായ ബോട്ടുകളിലാണ് തിങ്ങിക്കയറി അഭയാര്‍ഥികള്‍ ബംഗ്ലാദേശിലേക്കെത്താന്‍ ശ്രമിക്കുന്നത്.
അമിതഭാരത്തോടെ ഒരുവിധ സുരക്ഷ സംവിധാനങ്ങളുമില്ലാതെ പുറപ്പെടുന്ന ഇത്തരം ബോട്ടുകള്‍ പലപ്പോഴും അപകടത്തില്‍പ്പെടുന്നു. മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ചെറിയ ബോട്ടുകളാണ് അഭയാര്‍ഥികളെ എത്തിക്കാന്‍ ഉപയോഗിക്കുന്നത്. കഴിഞ്ഞയാഴ്ചയും ഇത്തരത്തില്‍ ബോട്ട് മുങ്ങി 34 പേര്‍ മരിച്ചിരുന്നു.
















