ന്യൂദൽഹി: ജയിലിലായ ദേരാ സച്ചാ സൗദ തലവൻ മേധാവി ഗുർമീത് റാം റഹീമിന്റെ വളർത്തു മകൾ ഹണിപ്രീത് കോടികളുടെ സ്വത്തുക്കളുടെ അധിപയെന്ന് റിപ്പോർട്ട്. ഹണിപ്രീതിന്റെ ലാപ്ടോപ്പ് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്ത് വരുന്നത്.
മുംബൈ, ഡല്‍ഹി, ഹിമാചല്‍ പ്രദേശ്, പഞ്ചാബ് എന്നീ നാല് സംസ്ഥാനങ്ങളിൽ കോടികളുടെ സ്വത്തുക്കൾ ഉണ്ടെന്നാണ് ലാപ്ടോപ്പിൽ നിന്നും ലഭിക്കുന്ന വിവരം. രാജസ്ഥാൻ പോലീസാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്. ഹണിപ്രീതിന്റെ ബാഗില്‍നിന്നു കണ്ടെത്തിയ ഡെബിറ്റ്- ക്രെഡിറ്റ് കാര്‍ഡുകളെക്കുറിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഹണി പ്രീതിന്റെ മൊബൈല്‍ ഫോണില്‍ നിന്നും വിവരങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ പോലീസ് ആരംഭിച്ചിട്ടുണ്ട്. ഹണി പ്രീതിന്റെ ഐ ഫോണ്‍ സൈബര്‍ ലാബ് വിദഗ്ദ്ധര്‍ പരിശോധിച്ചു വരികയാണ്. ഡിലീറ്റ് ചെയ്യപ്പെട്ട വിവരങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമങ്ങളാണ് സൈബര്‍ വിദഗ്ദ്ധര്‍ നടത്തുന്നതെന്ന് പോലീസ് പറഞ്ഞു.
















