അമിതാവ മാലിക്ക്
കൊല്‍ക്കത്ത: ”എന്റെ മകന്‍ ബലിദാനിയാണ്, അവനെക്കുറിച്ചോര്‍ത്ത് അഭിമാനം മാത്രം. ഞാന്‍ കരയില്ല, ജോലിക്കിടെയാണ് അവന്‍ വീരമൃത്യു വരിച്ചത്”- ഗൂര്‍ഖ ജനമുക്തി മോര്‍ച്ചയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്‍ അമിതാവ മാലിക്കിന്റെ അച്ഛന്‍ സൗമെനിന്റെ വാക്കുകളാണിത്.
കൊല്‍ക്കത്തയ്‌ക്കടുത്ത് മധ്യമഗ്രാമിലാണ് അമിതാവയുടെ വീട്. കഴിഞ്ഞ ദിവസമാണ് ബംഗാള്‍-സിക്കിം മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ ഡാര്‍ജിലിങ്ങിലെ സദര്‍ പോലീസ് സ്റ്റേഷനില്‍ എസ്‌ഐ ആയിരുന്ന അമിതാവ കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ ടിവിയില്‍ വാര്‍ത്ത കണ്ടപ്പോഴാണ് മരണവിവരം സൗമെന്‍ അറിഞ്ഞത്. അമിതാവയുടെ അമ്മ ഗംഗ, സഹോദരന്‍ അരുണാവ എന്നിവരും വിവരമറിഞ്ഞതോടെ തളര്‍ന്നു വീണു. ഗംഗയാകട്ടെ ഇടയ്‌ക്കിടെ ബോധരഹിതയുമാകും. ഭാര്യ മോനയ്‌ക്കൊപ്പമാണ് അമിതാവ ഡാര്‍ജിലിങ്ങില്‍ താമസിച്ചിരുന്നത്. കഴിഞ്ഞ മാര്‍ച്ചിലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്.
പോലീസ് ജോലി വിടണമെന്ന് വീട്ടുകാരുടെ ആവശ്യം അമിതാവ കേട്ടിരുന്നില്ല. കഴിഞ്ഞ തവണ വീട്ടിലെത്തിയപ്പോള്‍, സൗമെന്‍ ഇക്കാര്യം മകനെ ധരിപ്പിച്ചു. എന്നാല്‍, ”പോലീസ് ഉദ്യോഗസ്ഥന്റെ അച്ഛനെന്നു പറയുന്നതില്‍ അഭിമാനിക്കണം”, ഇതായിരുന്നു മറുപടി. മറ്റു ജോലിക്കായി പോലീസിലെ ജോലി ഒഴിവാക്കില്ലെന്നും അമിതാവ ഉറപ്പിച്ചു പറഞ്ഞു.
പഠനകാലത്ത് മികവു കാട്ടിയിരുന്ന അമിതാവ, 2014ലാണ് എസ്‌ഐ ആയി പോലീസില്‍ ചേര്‍ന്നത്. 2015ല്‍ സദറില്‍ നിയമനം ലഭിച്ചു. ബര്‍ദ്വാന്‍ സര്‍വകലാശാലയില്‍ നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം നേടിയ അമിതാവ, ബാങ്കിങ്, ഇന്‍ഷുറന്‍സ് തുടങ്ങി നിരവധി മത്സരപരീക്ഷകളില്‍ മിന്നും ജയം നേടി. അതെല്ലാം ഒഴിവാക്കിയാണ് പോലീസില്‍ ചേര്‍ന്നത്.
















