ശ്രീനഗര്‍: തലയ്‌ക്ക് പത്ത് ലക്ഷം രൂപ വിലയിട്ടിരുന്ന ഭീകരനെ കൂട്ടാളിക്കൊപ്പം സൈന്യം വെടിവച്ചു കൊന്നു. കഴിഞ്ഞ വര്‍ഷം ദക്ഷിണ കശ്മീരിലുണ്ടായ അക്രമ സംഭവങ്ങളുടെ സൂത്രധാരനായിരുന്ന ലഷ്‌കര്‍ ഇ തൊയ്ബ ഭീകരന്‍ വസിം ഷായെയും കൂട്ടാളി ഹാഫിസ് നാസിര്‍ അഹമ്മദ് മിറിനെയുമാണ് ജമ്മു കശ്മീര്‍ പോലീസിന്റെ പ്രത്യേക സംഘം, സിആര്‍പിഎഫിന്റെയും സൈന്യത്തിന്റെയും സഹായത്തോടെ കൊന്നത്.
പുലര്‍ച്ചെ പുല്‍വാമ ജില്ലയിലെ ലിത്തര്‍ മേഖലയിലാണ് സംഭവം. ഇവിടത്തെ ഒളിത്താവളത്തില്‍ വസിമുണ്ടെന്ന് വിവരം ലഭിച്ച പോലീസ്, സൈന്യത്തിന്റെ സഹായത്തോടെ പ്രദേശം വളഞ്ഞു. രക്ഷപ്പെടാന്‍ ആക്രമണത്തിനു മുതിര്‍ന്ന ഭീകരര്‍ക്ക് അതിനായില്ല. ഇവരുടെ കൈയില്‍ നിന്ന് യന്ത്രത്തോക്കുകളും വെടിയുണ്ടകളും ഉള്‍പ്പെടെയുള്ള ആയുധങ്ങളും പിടിച്ചു.
2014ലാണ് വസിം ലഷ്‌കറില്‍ സജീവമാകുന്നത്. ഷോപ്പിയാന്‍ സ്വദേശിയായ ഇയാള്‍, സ്‌കൂളില്‍ പഠിക്കുമ്പോള്‍ ലഷ്‌കറിന്റെ കൊറിയര്‍ ബോയ് ആയിരുന്നു. കോളേജ് പഠനം പാതിവഴിയില്‍ അവസാനിപ്പിച്ചാണ് ഭീകര സംഘടനയില്‍ ചേര്‍ന്നത്. യുവാക്കളെ സംഘടനയില്‍ ചേര്‍ത്തിരുന്നത് ഇയാളുടെ നേതൃത്വത്തിലാണെന്ന് പോലീസ്‌വൃത്തങ്ങള്‍ പറഞ്ഞു.
















